കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ മോഷണ പരമ്പര. മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റിലെ നാലു കടകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു.
ഇന്നു പുലര്‍ച്ചെയോടെ മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയവരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ന്യൂ സ്റ്റൈല്‍, ഷഫീര്‍ ട്രേഡേഴ്‌സ്, അപ്‌സര ഏജന്‍സി ആന്റ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളിലാണ് മോഷണശ്രമമുണ്ടായത്. ഇതില്‍ ഷഫീര്‍ ട്രേഡേഴ്‌സിന്റെ ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്തിയ നിലയിലായിരുന്നു.
25000 രൂപയും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കടയുടെ ഭാഗത്തേക്കുള്ള സി.സി.ടി.വി ക്യാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കെവിന്‍ ആര്‍ക്കേഡിന്റെ പ്രധാന വാതില്‍ തകര്‍ക്കപ്പെട്ട നിലയിലാണുള്ളത്.
മാര്‍ക്കറ്റിലേക്ക് അഞ്ചു ഗേറ്റുകളാണുള്ളത്. ഇതില്‍ നാലെണ്ണം പൂട്ടിയതിനു ശേഷം അഞ്ചാമത്തേത് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങള്‍ ഇറക്കുന്നതിനായി തുറന്നുവെക്കാറുണ്ട്. എന്നാല്‍ ഇവിടങ്ങളിലെല്ലാം സി.സി.ടി.വി സ്ഥാപിച്ചിട്ടുമുണ്ട്.
രാത്രി പത്തരക്കാണ് കട പൂട്ടി അവസാനത്തെ വ്യാപാരി പോയത്. ഇതിനു ശേഷമായിരിക്കും മോഷണം നടന്നതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. മിഠായിത്തെരുവില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് വ്യാപാരികള്‍ പറഞ്ഞു.