കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടിയൊന്നുമായില്ല. അതേസമയം മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി നടക്കാവ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവവുമുണ്ടായത്. നടക്കാവ് ക്രോസ്‌റോഡില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപമുള്ള വനിതാഹോസ്റ്റല്‍ ഗേറ്റിന് മുന്നില്‍ കാണാനിടയായ മെഡി:കോളജ് എസ്.ഐ എ. ഹബീബുള്ളയോട് കാര്യംതിരക്കിയതിനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നു. അതേസമയം ഹോസ്റ്റലിലുള്ള നവവധുവിനെ കാണാനാണ് എത്തിയതെന്നാണ് എസ്.ഐയുടെ വിശദീകരണം. ഹോസ്റ്റലിലെ സമീപത്തെ ഇടവഴിയില്‍വെച്ച് സംസാരിക്കുമ്പോള്‍ ഒരുസംഘം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്നും മര്‍ദ്ദിച്ചതായുള്ള ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥിയെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതിയുണ്ടെങ്കിലും തെളിവില്ലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. സംഭവത്തില്‍ കണ്ണൂര്‍റെയിഞ്ച് ഐജിയോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എസ്.ഐ ഹബീബുല്ലയെ സംരക്ഷിക്കുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി.
അതിനിടെ, മര്‍ദ്ദിക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി സഹപാഠികള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം പ്രകടനം നടത്തി.