കോഴിക്കോട്: പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫറോക്ക് നഗരസഭയും ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, പനങ്ങാട്, ഉള്ളിയേരി, കക്കോടി പഞ്ചായത്തുകളിലും അതിതീവ്രവ്യാപനം. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രില്‍ 28 മുതല്‍ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കു തുറന്നു പ്രവര്‍ത്തിക്കാം. അനുവദിക്കപ്പെട്ട കടകള്‍ രാത്രി ഏഴു വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ രാത്രി ഒന്‍പത് വരെ പാഴ്‌സല്‍ അനുവദനിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കുറയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.