X

കോഴിക്കോട്ട് പൊന്തിയ വര്‍ഗീയ അന്തര്‍ധാര-എഡിറ്റോറിയല്‍

CPIM FLAG

മനുഷ്യര്‍ക്കിടയില്‍ രണ്ടുതരം വിഭാഗങ്ങളേ ഉള്ളൂവെന്നും മുതലാളിയും തൊഴിലാളിയുമാണവയെന്നു പറയുകയും അതിനെ സിദ്ധാന്തമായി എഴുതിവെക്കുകയും ചെയ്തിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകള്‍. ഇതിന്റെ പേരില്‍ ഇന്നോളം ദശലക്ഷക്കണക്കിന് മനുഷ്യരെ തമ്മിലടിപ്പിക്കുകയും അതിനിഷ്ഠൂരമായി കൂട്ടക്കൊല നടത്തുകയും ചെയ്തിട്ടുള്ളവരാണിക്കൂട്ടര്‍. അവരുടെ പതിപ്പാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി കാര്യസാധ്യത്തിനായി അവരിവിടെ പലവിധത്തിലുള്ള സൈദ്ധാന്തിക മാറ്റംമറിച്ചിലുകള്‍ക്ക് സ്വയം തയ്യാറായിട്ടുണ്ടെങ്കിലും മത ജാതിവര്‍ഗീയത തൊട്ടുതീണ്ടാത്തവരാണെന്നാണ് പൊതുജനത്തിന്റെ പൊതുവിലുള്ള ധാരണ. എന്നാല്‍ ഇതൊന്നുമല്ല സി.പി.എം പോലുള്ള പാര്‍ലമെന്ററി കമ്യൂണിസ്റ്റുകളുടെ ഉള്ളിലിരിപ്പെന്നതിന് തെളിവാണ് അവരുടെ ഇടക്കിടെ തികട്ടിവരുന്ന ഹിന്ദുത്വ വര്‍ഗീയതയും അതിനനുസരിച്ചുള്ള നിലപാടുകളും നടപടികളും. ഞായറാഴ്ച കോഴിക്കോട്ട് തീവ്ര വര്‍ഗീയ കക്ഷിയായ ബി.ജെ.പിയുടെ പോഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മതേതര പാര്‍ട്ടിയെന്നവകാശപ്പെടുന്ന സി.പി.എമ്മിന്റെ നഗര മേയര്‍ നടത്തിയ പൂവിടല്‍ചടങ്ങും പ്രഭാഷണവും എന്താണ് ഇക്കൂട്ടരുടെയൊക്കെ യഥാര്‍ഥ നിറമെന്ന് ഒരുതവണകൂടി വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമായിരിക്കുകയാണ്.

കോഴിക്കോട് കോര്‍പറേഷന്റെ നഗരമാതാവ് ബീനഫിലിപ്പാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടിയില്‍ അമ്മമാര്‍ക്കായി ക്ലാസെടുത്തത്. സംഘ്പരിവാര വര്‍ഗീയ ആശയത്തിനുകീഴില്‍ കഴിഞ്ഞ അര നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ബാലഗോകുലം. കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കലും ശ്രീകൃഷ്ണനെപോലെ അവരെ വളര്‍ത്തലുമാണത്രെ അതിന്റെ ലക്ഷ്യങ്ങളില്‍ പറയുന്നത്. ‘സര്‍വേ സന്തു നിരാമയ:’ (എല്ലാവരും രോഗമുക്തരായിരിക്കട്ടെ) എന്നാണ് സംഘടനയുടെ ആപ്തവാക്യം. എന്നാല്‍ സംഘ്പരിവാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടനകളുടെയെല്ലാം ഉദ്ദേശ്യ ലക്ഷ്യങ്ങളും നടപടികളുമെല്ലാം എന്തെല്ലാമാണെന്ന് അറിയാത്തവരാവില്ല കേരളത്തിലെയെങ്കിലും ജനങ്ങള്‍. രാജ്യത്താകെ ഹിന്ദുത്വത്തിന്റെ സങ്കുചിത തീവ്രാശയങ്ങള്‍ അന്യരില്‍ അടിച്ചേല്‍പിക്കുകയും അല്ലാത്തവരെയെല്ലാം രാജ്യത്തുനിന്നും ദേശീയതയില്‍നിന്നും വേര്‍പെടുത്തുകയുംചെയ്യണമെന്ന് വാദിക്കുന്നവരാണ് സംഘ്പരിവാരം. ബാലഗോകുലവും മറ്റൊന്നല്ല മുറുകെപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ആ സംഘടനയുടെ പരിപാടിയില്‍ ചെന്നാണ് കോഴിക്കോട് നഗരപരിധിയിലെ എല്ലാവിഭാഗം ജനങ്ങളുടെയും മേയറായ ബീനഫിലിപ്പ് ശ്രീകൃഷ്ണ വിഗ്രഹത്തെ തൊഴാനും പൂജയര്‍പ്പിക്കാനുമെല്ലാം സമയം കണ്ടെത്തിയതെന്നത് ലളിതമായി തള്ളാനാവുന്നതല്ല. അവരുടെ പ്രസംഗത്തിലെയും തുടര്‍ന്നുണ്ടായ പ്രതികരണത്തിലെയും ആശയം വിശകലനംചെയ്യുമ്പോള്‍ മനസിലാകുന്നത് തികഞ്ഞ ഹിന്ദുത്വപക്ഷപാതിയാണ് ഈ ശ്രീമതിയെന്നാണ്. അല്ലെങ്കിലവര്‍ അധികാരസാധ്യത്തിനായി അങ്ങനെയൊക്കെ അഭിനയിച്ചതാകാം. ഏതെങ്കിലും മതവിശ്വാസത്തെ അനുകൂലിച്ചുവെന്നതിനപ്പുറം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മേയര്‍ക്കെങ്ങനെയാണ് സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും നാട്ടില്‍ സംഘര്‍ഷംവിതക്കുകയും ചെയ്യുന്നവരെ ഇത്തരത്തില്‍ വെള്ളപൂശാന്‍ സാധിക്കുന്നത്. സി.പി.എം അവരുടെ ഇദംപ്രഥമമായ നയമായി പറയുന്നത് സംഘ്പരിവാറുമായോ ബി.ജെ.പിയുമായോ തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ബാന്ധവമില്ലെന്നാണ്. അതേപാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയംഗമായ ബീന അതുകൊണ്ട് സംഘ്പരിവാര്‍ പരിപാടിയില്‍ പങ്കെടുത്താലത് പാര്‍ട്ടി അറിഞ്ഞില്ലെന്ന് പറഞ്ഞൊഴിയാനാകാത്തതാണ്. ഇതിന് ഏതാനും ദിവസംമുമ്പാണ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഹിന്ദുമതാനുഷ്ഠാനം ആചരിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് വാദിച്ചത്. മുമ്പ് കണ്ണൂരില്‍ ശോഭായാത്ര നടത്തിയതും ഇതേ ജയരാജനും സംഘവുമായിരുന്നു. കോഴിക്കോട്ടെ സി.പി.എം മുന്‍എം.എല്‍. എ ജോര്‍ജ് തോമസാണ് ഏതാനും ആഴ്ചമാത്രംമുമ്പ് ‘ലൗജിഹാദ്’ യാഥാര്‍ഥ്യമാണെന്ന് പറഞ്ഞതും. ഇതൊക്കെ അന്തര്‍ധാരയല്ലാതെന്താണ്?

കേരളത്തില്‍ ശിശുസംരക്ഷണം പോരെന്നും വടക്കേഇന്ത്യയിലാണ് ശിശുക്കളെ ആളുകള്‍ കൂടുതല്‍ പരിപാലിക്കുന്നതെന്നും പ്രസവത്തില്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് വലിയ കാര്യമല്ലെന്നുമൊക്കെയാണ് ബീനാമേയര്‍ ബാലഗോകുലം പരിപാടിയില്‍ അമ്മമാരെ ഉപദേശിച്ചത്. അത് ബി.ജെ.പി കൊണ്ടാടുകയും ചെയ്തു. ഇതേക്കുറിച്ച് സര്‍ക്കാരും മറുപടി പറയണം. പരിപാടി വിവാദമായതോടെ അത് നിഷേധിക്കാനോ തെറ്റുപറ്റിയെന്ന് പറയാനോ അല്ല; മറിച്ച് അറിയാതെ പോയതാണെന്നായിരുന്നു മേയറുടെ ന്യായം. പിറ്റേന്ന് പക്ഷേ സി.പി.എം ജില്ലാനേതൃത്വത്തിന് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. ഇതൊക്കെ ജനാധിപത്യ മതേതര വിശ്വാസികളെ കബളിപ്പിക്കാനുള്ള വെറും കണ്‍കെട്ടുവിദ്യകളാണെന്നാര്‍ക്കറിഞ്ഞുകൂടാത്തത്! ഇതേപാര്‍ട്ടിയുടെ തിരുവനന്തപുരം മേയറാണ് കഴിഞ്ഞയാഴ്ച പട്ടികജാതിക്കാര്‍ക്ക് വിശേഷാല്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചതെന്നതും മറക്കാനാവില്ല. അധികാരത്തിനും സമ്പത്തിനുംവേണ്ടി ഏത് തറവേലയും കളിക്കുന്ന ആള്‍ക്കൂട്ടമായി അധ:പതിച്ചിരിക്കുകയാണ് സത്യത്തില്‍ സി.പി.എം. തിരഞ്ഞെടുപ്പു വരുമ്പോള്‍ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പാട്ടിലാക്കാനായി ‘കിറ്റ് വിദ്യ’യുമായി വരുന്ന ഇക്കൂട്ടരെ തിരിച്ചറിയാന്‍ ഇനിയും താമസിച്ചാലത് ഇന്നാടിന്റെ അന്ത്യത്തിലേക്കാകും വഴിവെക്കുക.

Test User: