X

നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റുചെയ്തത്. ആസ്പത്രിയിലെത്തിയ  ഷാഡോ പൊലീസ് നദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം  നമ്പര്‍ 148/16 കേസിന്റെ അടിസ്ഥാനത്തിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നാണ് കേസ്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നദീര്‍.

അതേസമയം ആറളം ഫാമില്‍ നദി ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ യു.എ.പി.എ ചുമത്തിയതായി പ്രചാരമുണ്ട്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 16ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നദീറിന് പങ്കില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ നദീറിന്റെ പേരില്‍ കേസ് നിലവിലില്ലെന്നും സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീന്‍ എന്നിവരാണ് ഈ കേസിലെ പ്രതികളെന്നുമാണ് വിവരം.  കേസില്‍ ഇടുക്കി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിനായിരുന്നു അന്വേഷണച്ചുമതല.

കഴിഞ്ഞ വര്‍ഷം “ലൈംഗിക സ്വാഭിമാന ഘോഷയാത്ര” കഴിഞ്ഞ് നദിയും കൂട്ടുകാരും പൊന്മുടി സന്ദര്‍ശിച്ചതിനെ മോവോയിസ്റ്റുകളുടെ സന്ദര്‍ശനമെന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

അതേസമയം ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയ്‌ക്കൊപ്പമായിരുന്നു നദീര്‍. കഴിഞ്ഞ രണ്ടു ദിവസമായി കമലിന് കൂട്ടുനിന്ന നദിയെ ഇന്ന് രാവിലെ മഫ്തിയില്‍ ആസ്പത്രിയിലെത്തിയ പൊലീസ് ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞ് പുറത്തേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നു നദീറിനെ കസ്റ്റഡിയിലെടുക്കുകയും കേസ് ചുമത്തുകയുമായിരുന്നു.

chandrika: