കോഴിക്കോട്: രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസില്‍ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന രീതിയില്‍ രണ്ടുമേല്‍പാലങ്ങള്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. രാമനാട്ടുകര-കോഴിക്കോട് ബൈപാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജംഗ്ഷനുകളിലാണ് മേല്‍പാലങ്ങള്‍ പൂര്‍ത്തിയായത്. പെയിന്റിങ് ജോലികള്‍ക്കു ശേഷം തെരുവുവിളക്ക് സ്ഥാപിക്കല്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം ഉദ്ഘാടനം നടക്കുമെന്ന സൂചന ഉണ്ടെങ്കിലും ദിവസത്തിന്റെ കാര്യത്തില്‍ തീരുമാനമാവാത്തതിനാല്‍ കാത്തിരിപ്പ് നീളുകയാണ്.
പണി പൂര്‍ത്തിയായതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ടുപാലങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ട്രയല്‍ റണില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
2016 മാര്‍ച്ചിലാണ് പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. രണ്ടു വര്‍ഷകാലാവധിയില്‍ പൂര്‍ത്തിയാക്കേണ്ട ജോലി ആറു മാസം വൈകിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിങ് രൂപകല്‍പന ചെയ്ത മേല്‍പാലങ്ങളുടെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്. 51.41 കോടി രൂപ എസ്റ്റിമേറ്റിലുള്ള തൊണ്ടയാട് മേല്‍പാലത്തിന് 474 മീറ്ററാണ് നീളം. 12 മീറ്റര്‍ വീതിയില്‍ 18 സ്പാനുകളിലാണ് പാലം നിര്‍മിച്ചത്.
രാമനാട്ടുകര മേല്‍പാലത്തിന് 440 മീറ്റര്‍ നീളമാണുള്ളത്. 14 സ്പാനുകളുള്ള പാലത്തിന് 74 കോടി രൂപയാണ് ചെലവ്.
രണ്ടു മേല്‍പ്പാലത്തിലും എല്‍.ഇ.ഡി ബള്‍ബുകളാണ് സ്ഥാപിക്കുന്നത്. പാലത്തിനു താഴെ 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍ സജ്ജമാക്കുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ബൈപ്പാസ് ആറു വരിയാക്കുന്നുണ്ട്