തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യുടെ വിവാദ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. എന്‍.ഐ.ടിയുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി.
എന്‍.ഐ.ടി സമീപകാലത്ത് സ്വീകരിച്ചുവരുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അന്‍വര്‍ നാസറാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം.