X
    Categories: MoreViews

കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞു; കോഴിക്കോട് മലയോര മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ വെള്ളപൊക്കവും ഉരുൾപൊട്ടലും. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുമ്പോൾ താഴ്ന്ന പ്രദേശങ്ങിൽ വെള്ളപൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ തിരുവമ്പാടി കോടഞ്ചേരി മേഖലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തത് പുഴകൾ കരകവിഞ്ഞൊഴുകാൻ കാരണമായി. താമരശ്ശേരി കട്ടിപ്പാറയിൽ ഇന്ന് പുലർച്ചെ ഉരുൾപൊട്ടലുണ്ടായി. നാലോളം വീടുകൾ തകർന്നു.
പുഴകൾ കവിഞ്ഞൊഴിയതിനാൽ പ്രധാന റൂട്ടുകളിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. കോഴിക്കോട്- ബാഗ്ളൂർ ദേശീയ പാതയിൽ കൊടുവള്ളിക്കടുത്ത് നെല്ലാംകണ്ടിയിൽ വെള്ളം കയറി. വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോകുന്നത്. പൂനൂർ പുഴ കരകവിഞ്ഞതാണ് ദേശീയ പാതയിൽ വെള്ളം കയറാൻ കാരണം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ പൂനൂരിനടുത്ത് പുഴ കരകവിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെട്ടു. മുക്കം കൊടിയത്തൂർ മേഖലയിൽ ഇരുവഞ്ഞി പുഴ കരകവിഞ്ഞു. പുൽപ്പറമ്പ് ടൗണിൽ വെള്ളം കയറി. ചെറുപുഴ കരകവിഞ്ഞതോടെ ഓമശ്ശേരി നടമ്മൽ പൊയിൽ ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

chandrika: