കോഴിക്കോട്: ഒറ്റ ഡോസിന് ലോകത്ത് ഏറ്റവും വിലക്കൂടിയ മരുന്നായ സോള്‍ഗെന്‍സ്മ കോഴിക്കോട്ടെ ആശുപത്രിയില്‍ രോഗിയായ പെണ്‍കുട്ടിക്ക് നല്‍കി. 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കന്‍ ഡോളര്‍)വിലയുള്ള മരുന്ന് 23 മാസം പ്രായമുള്ള കുട്ടിക്ക് ലഭിച്ചത് തികച്ചും സൗജന്യമായി.
ഗുരുതര ജനിതകപ്രശ്‌നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോള്‍ഗെന്‍സ്മ എന്ന ഇന്‍ജക്ഷന്‍ മരുന്നാണ് ഈമാസം ഏഴിന് നിലമ്പൂര്‍ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ടൈപ്പ് 2 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലാണ് കുട്ടിയെ ചികിത്സിച്ചത് .
കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജില്‍നിന്ന് റഫര്‍ ചെയ്യപ്പെട്ടാണ് കുട്ടി മിംസിലെത്തിയത്. കുട്ടികളില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കാറുള്ള മരുന്നുമൂലം ഈ കുഞ്ഞിന് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ല. രണ്ടുവയസ്സുവരെ മാത്രമേ ഈ മരുന്ന് കുത്തിവെക്കാന്‍ ഫെഡറല്‍ ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് പുതിയ മരുന്നിന് അനുമതിയായത്.
രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലാണ് ഈ മരുന്ന് ഉപയോഗിച്ചുള്ള ജീന്‍ തെറാപ്പി ഫലപ്രദമാവുന്നത്. പാരമ്പര്യ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുന്ന രോഗമാണ്. രോഗം സങ്കീര്‍ണമാവുന്നത് കുഞ്ഞുങ്ങളുടെ മരണത്തിലേക്കോ ചലനശേഷി ഇല്ലാത്ത അവസ്ഥയിലേക്കോ നയിച്ചേക്കാം. ജീവന്‍രക്ഷാ ഉപാധികളോടെ ജീവിതകാലം മുഴുവന്‍ തുടരേണ്ട അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജീന്‍ തെറാപ്പിയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോവാര്‍ട്ടിസ്.