കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയതും തിരിച്ചടിയായി.
ഡി. വൈ.എഫ് ഐ പ്രവർത്തകരായ ഏഴു പേരായിരുന്നു പ്രതികൾ. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുൺ ഉൾപ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ.
സന്ദർശനെത്തിനെത്തിയ ആളുകളെ തടഞ്ഞതിനെ തുടർന്നാണ് സുരക്ഷ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. മൂന്ന് ജീവനക്കാരെയാണ് മർദിച്ചത്. സംഭവം വിവാദമായിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ. അരുൺ, മേഖലാ സെക്രട്ടറി എം.കെ. അഷിൻ, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. രാജേഷ്, സജിൻ, നിഖിൽ സോമൻ, ജിതിൻലാൽ എന്നിവരെയാണ് കേസിൽ വെറുതെ വിട്ടത്. സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എൻ. ദിനേശൻ, രവീന്ദ്ര പണിക്കർ എന്നിവർക്കായിരുന്നു മർദ്ദനമേറ്റിരുന്നത്.