കോഴിക്കോട്: പൂര്‍ണമായും അറ്റുപോയ കൈകള്‍ തുന്നിച്ചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ചരിത്രത്തില്‍ പുതിയ ഓരേട് കൂടിയാണ് തുന്നിച്ചേര്‍ത്തത്. ഒപ്പം അറ്റുപോയ ജീവതത്തന്റെ നിറവും. ശസ്ത്രക്രിയക്ക് വിധേയരായ രണ്ടുപേരും സുഖംപ്രാപിച്ച് വരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി. ഗോപി അറിയിച്ചു. അസം സ്വദേശി അയിനൂര്‍ (32), തൃശൂര്‍ ചെറുതുരുത്തി സ്വദേശി നിബിന്‍ (22) എന്നിവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ഈര്‍ച്ച മില്ലിലെ ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങിയാണ് അയിനൂറിന്റെ ഇടതു കൈപ്പത്തി അറ്റത്. കത്തികൊണ്ട് വെട്ടേറ്റാണ് നിബിന്റെ വലതു കൈപ്പത്തി അറ്റുപോയത്. രക്ത ധമനികളെ തമ്മില്‍ ചേര്‍ക്കുന്നതിന് സഹായിക്കുന്ന ‘ഓപറേറ്റിങ് മൈക്രോസ്‌കോപ്’ സംവിധാനം ഉപയോഗപ്പെടുത്തിയാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായത്. ഈ സംവിധാനം മെഡിക്കല്‍ കോളജില്‍ പുതിയതാണ്.
സ്വകാര്യ ആശുപത്രിയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ പൂര്‍ണമായും സൗജന്യമായി നടത്തിയത്. തുന്നിച്ചേര്‍ത്ത കൈകളുടെ പ്രവര്‍ത്തനം എണ്‍പത് ശതമാനത്തോളം പഴയ രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.