കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം നാളെ മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഈ മാസം നാലിന് മുഖ്യമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറിയിരുന്നില്ല. എന്നാല്‍, ആവശ്യമായ സൗകര്യങ്ങളൊരുക്കി നാളെ രാവിലെ പത്ത് മണിക്ക് അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.പി ശ്രീജയന്‍ വ്യക്തമാക്കി.
മെഡി.കോളജ് ആശുപത്രിയില്‍ ഇടുങ്ങിയ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം പുതിയ ആറു നില കെട്ടിടത്തിലേക്ക് മാറുന്നതോടെ വിശാലമായ സൗകര്യങ്ങളാകും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റികളായ കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ് ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്‌ത്യേഷ്യ, പ്ലാസ്റ്റിക് സര്‍ജറി, തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ അഞ്ച് ഓപറേഷന്‍ തിയേറ്ററുകളും അനുബന്ധ ഐ.സി.യുകളും പുതിയ കെട്ടിടത്തില്‍ പ്രാഥമികമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി.
മുമ്പ് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ച ഭാഗത്തേക്ക് പ്രവേശിക്കാതെ മെഡി.കോളജ് പ്രധാന കവാടത്തിന് മുന്‍വശത്ത് കൂടി നേരെ കാരന്തൂര്‍ മെഡി.കോളജ് റോഡ് വഴി മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലൂടെ സഞ്ചരിച്ചാല്‍ ഇടത് ഭാഗത്താണ് പുതിയ അത്യാഹിത വിഭാഗം ബ്ലോക്ക്. കേന്ദ്രത്തിലെ രണ്ടാം യു.പി.എ സര്‍ക്കാര്‍ കാലത്ത് എം.കെ.രാഘവന്‍ എം.പി.യുടെ ശ്രമഫലമായാണ് 195 കോടി ചിലവില്‍ ഇത് പണിയാന്‍ സാധിച്ചത്.