X

മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദനം; കോഴിക്കോട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മുഹമ്മദ് ഷഫീഖ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

കൊടുവള്ളി പഴയ വില്ലജ് ഓഫിസ് കെട്ടിടത്തില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് രാത്രി 7.45ഓടെ കൊടുവള്ളി പറമ്പത്തുകാവില്‍ വെച്ച് ബൈക്കില്‍ സുഹൃത്തിനെ വീട്ടില്‍ ഇറക്കി വരുന്നവഴി ഒരുസംഘം ആളുകള്‍ ഷഫീഖിനെ തടഞ്ഞുവെക്കുകയും സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മൊബൈല്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. തലക്കും കൈക്കും പരിക്കേറ്റ ഷഫീഖിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, പറമ്പത്തുകാവില്‍ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ പിറ്റേദിവസം കരീറ്റിപ്പറമ്പ് കാപ്പ് മലയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം തന്നെ ക്രൂരമായി ആക്രമിക്കുകയും മോഷ്ടാവെന്ന് വിളിച്ചു മാനംകെടുത്തുകയും ചെയ്‌തെന്ന് കാണിച്ച് ഷഫീഖ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്ന് ആത്മഹത്യ ശ്രമത്തിന് തൊട്ടുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോയില്‍ ഷഫീഖ് പറയുന്നുണ്ട്. ആഴത്തിലുള്ള മുറിവില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സക്കുശേഷം ഷഫീഖ് ആശുപത്രി വിട്ടു.

 

chandrika: