കോഴിക്കോട് ജില്ലയിൽ നിപ്പ പോസിറ്റീവ് ആയിരുന്ന ഒമ്പത് വയസ്സുള്ള കുഞ്ഞുൾപ്പെടെ നാലു പേരെയും അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ടുപ്രാവശ്യം പരിശോധന നടത്തിയത് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് ഗസ്റ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ്പ പ്രോട്ടോകോൾ പ്രകാരം തൊണ്ടയിലെ സ്രവം, രക്തം, മൂത്രം എന്നീ മൂന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മൂന്ന് സാമ്പിളും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച നാലു പേരെയും ഡിസ്ചാർജ് ചെയ്തത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒരാളും ഇഖ്റ ഹോസ്പിറ്റൽ ഒരാളും മിംസ് ആശുപത്രിയിൽ കുഞ്ഞ് അടക്കം രണ്ടുപേരുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇഖ്‌റയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ നേരത്തെ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത്. ഇദ്ദേഹം പ്രത്യേക സംവിധാനത്തിൽ ഐസൊലേഷൻ തുടരും. മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങി. ഈ നാലുപേരും രോഗവിമുക്തരാണ്. പക്ഷേ നിപ്പ പ്രോട്ടോകോൾ പ്രകാരം അടുത്ത 14 ദിവസം ഇവർ ഐസോലേഷനിൽ കഴിയേണ്ടതുണ്ട്.
ഐസൊലേഷനിൽ കഴിയുന്നത് പൂർണ്ണ ആരോഗ്യത്തോടെ അവർക്ക് ജീവചര്യകളിലേക്ക് തിരിച്ചു വരുന്നതിനും മറ്റുള്ളവരിൽ നിന്ന് അവർക്ക് അണുബാധ ലഭിക്കാതിരിക്കുന്നതിനും വേണ്ടിയാണ്. ഇവരെ വീട്ടിലേക്ക് വിടുന്നതിനു മുമ്പ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ പോയി പൊതുശുചിത്വം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. രോഗികളുമായി വീഡിയോ കോൾ വഴി സംസാരിച്ചതായി മന്ത്രി പറഞ്ഞു.
നിപ്പാ രോഗബാധയുടെ ആദ്യത്തെ കേസ് നമുക്ക് കണ്ടെത്താൻ കഴിഞ്ഞത് നേട്ടമായി. രോഗം നിപ്പയാണെന്ന് വളരെ വേഗം തിരിച്ചറിയാൻ കഴിഞ്ഞു. ഇതുമൂലം ആദ്യ കേസിൽ നിന്ന് രോഗം പകർന്നവരിൽ നിന്ന് മറ്റുള്ളവർക്ക് പകരാതെ രണ്ടാം തരംഗം ഉണ്ടാവാതെ സൂക്ഷിക്കാൻ കഴിഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിപ്പ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള 568 പേർ ഐസൊലേഷനിൽ ഉണ്ട്. ഇവരുടെ ഐസൊലേഷൻ ഒക്ടോബർ അഞ്ചിന് അവസാനിക്കും. സമ്പർക്ക പട്ടികയിലുള്ള 81 പേരെ വെള്ളിയാഴ്ച ഐസൊലേഷനിൽനിന്ന് ഒഴിവാക്കി. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 26 വരെ ഉണ്ടാവും. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും അണുബാധ ആർക്കെങ്കിലും ഉണ്ടാവുന്നുണ്ടോ എന്നതിനുള്ള സർവൈലൻസ് ഉണ്ടാവും. രോഗം കണ്ടെത്തിക്കഴിഞ്ഞ് ഒരാളുടെ പോലും ജീവൻ നഷ്ടമായില്ല എന്നത് പ്രധാനമാണ്. ഇവിടെ മരണനിരക്ക് 33 ശതമാനം ആണ്. സാധാരണ നിപ്പയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിൽ ആണ്. നിപ്പയാണെന്ന് കണ്ടെത്തി അവർക്ക് ആന്റി വൈറൽ മരുന്നുകൾ കൊടുത്തത് കൊണ്ടാവാം അവർ സാധാരണ നിലയിലേക്ക് വന്നത്. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളുടെ കമ്മ്യൂണിറ്റി സർവൈലൻസ് തുടരും. ഏകാരോഗ്യത്തിന്റെ ഭാഗമായി അതിന്റെ ജില്ലയിലെ അധ്യക്ഷയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. മൃഗങ്ങൾ അസാധാരണമായി ചത്തുപോകുന്ന സാഹചര്യം ഉൾപ്പെടെ ഇതിലൂടെ പഠനവിധേയമാക്കാൻ കഴിയും. ജില്ലക്ക് പ്രത്യേകമായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
എൻ ഐ വി പൂനെയുടെ മൊബൈൽ ലാബ് ഇവിടെ പ്രവർത്തിക്കുന്നതായും അവർ പരിശീലനം നൽകുന്നതായും പറഞ്ഞു. ഒക്ടോബർ ഏഴു വരെ അവർ ഇവിടെ തുടരുകയും ചെയ്യും.ട്രൂ നാറ്റ് പരിശോധന സംവിധാനം തുടരുമെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂമിൽ നടന്ന
നിപ്പ അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.