കോഴിക്കോട് : കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. മലബാര്‍ ഉള്ള്യേരി മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
ഡോക്ടറെ കാണിക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രമേഹമുള്ളതിനാലാണ് ഹോം ക്വാറന്റീന് പകരം ആശുപത്രിയിലെത്തിയതെന്ന് യുവതി പറഞ്ഞു.
ആശുപത്രി രജിസ്റ്ററില്‍ നിന്നും നമ്പര്‍ എടുത്ത് ജീവനക്കാരന്‍ മെസ്സേജ് അയച്ചിരുന്നു. ആശുപത്രിയിലെ സേവനങ്ങളില്‍ തൃപ്തിയുണ്ടോ എന്ന് ചോദിച്ചായിരുന്നു സന്ദേശം. ഇതിന് മറുപടി നല്‍കിയപ്പോള്‍ ചെയ്ത സഹായത്തിന് പ്രത്യുപകാരം ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇയാള്‍ ശല്യം ചെയ്ത കാര്യം രാത്രി തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
രാത്രി പിപിഇ കിറ്റ് ധരിച്ച് ഇയാള്‍ മുറിയിലെത്തി. ഡോക്ടര്‍ക്ക് കാണണമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടു പോയത്. മൂന്നാം നിലയ്ക്ക് പകരം നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ ആകെ ഇരുട്ടായിരുന്നു. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
ഇയാള്‍ മോശമായി പെരുമാറാന്‍ തുനിഞ്ഞപ്പോള്‍, ഇയാളെ തട്ടിമാറ്റി ഉടന്‍ ലിഫ്റ്റില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പറഞ്ഞു. തന്നെ മുകളിലേക്ക് കൊണ്ടുപോയ ലിഫ്റ്റ് മറ്റാരും വിളിക്കാതിരുന്നതാണ് തനിക്ക് രക്ഷയായതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.