കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അക്രമം അഴിച്ചുവിട്ട് ഇടത് അംഗങ്ങള്‍. അക്രമത്തില്‍ മുസ്‌ലിം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയായ സി. അബ്ദുറഹ്മാന്റെ കണ്ണിന് പരിക്കേറ്റു. ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രതിനിധികള്‍ ചോദ്യങ്ങളുന്നയിച്ചതോടെ പ്രതിസന്ധിയിലായ ഭരണപക്ഷം ചര്‍ച്ച തടസപ്പെടുത്താനാണ് അക്രമം നടത്തിയത്.
അമൃത്പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാ ബാലകൃഷ്ണനാണ് അജണ്ട അവതരിപ്പിച്ചത്. സീവേജ്‌സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവറേജ് നെറ്റ് വര്‍ക്കും സ്ഥാപിക്കുവാന്‍ ആവശ്യമായ ഡിപിആര്‍ തയാറാക്കുവാന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച റാം ബയോജിക്കല്‍ തയാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പദ്ധതിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതില്‍ കൗണ്‍സില്‍ തീരുമാനമുണ്ടോയെന്നുമായിരുന്നു ചോദ്യം.
ഇതിനുള്ള ഉത്തരം നല്‍കിയെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത മേഖലയില്‍ പൊതുജനാഭിപ്രായം ശേഖരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മറ്റു നടപടിക്രമങ്ങളിലേക്ക് മേയര്‍ കടക്കുകയായിരുന്നു. ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റ് നിന്നെങ്കിലും ഭരണപക്ഷം ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പ്രതിഷേധിച്ച യു.ഡി.എഫ് അംഗങ്ങളെ ഇടത് അംഗങ്ങള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെയിലാണ് അബ്ദുറഹ്മാന് പരിക്കേറ്റത്.