X

കോഴിക്കോട് സി.എച്ച് മേല്‍പാലം അടച്ചിട്ട് ഒരുമാസം; തുടര്‍ന്ന് മെല്ലെപ്പോക്ക്, ഗതാഗതകുരുക്കിന് അറുതിയായില്ല

കോഴിക്കോട്: നഗരത്തിലെ സി.എച്ച് മേല്‍പ്പാലം ബലപ്പെടുത്തുന്ന നിര്‍മാണപ്രവൃത്തിയ്ക്കായി പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴും ഗതാഗതകുരുക്കിന് അറുതിയായില്ല. അവധിദിനങ്ങളിലും വൈകുന്നേരങ്ങളിലും കണ്ണൂര്‍റോഡില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

അതേസമയം മേല്‍പാലം നവീകരണ പ്രവൃത്തി പകുതിപിന്നിട്ടു. മാര്‍ച്ചില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും മേല്‍പാലം പൂര്‍ണമായും അടച്ചശേഷമാണ് നവീകരണത്തിന് വേഗംകൂടിയത്. പാലത്തിന്റെ തൂണുകളുടെയും ബിമുകളുടെയും ബലപ്പെടുത്തലും കൈവരികളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. 4.22 കോടി രൂപ ചെലവിലാണ് 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ നവീകരണം.
ഇരുവശങ്ങളിലും രണ്ടുവീതം സ്പാനുകളിലെ ബലപ്പെടുത്തല്‍ പ്രവൃത്തി പൂര്‍ണമായി. മുംബൈയിലെ സ്ട്രെക്ചറല്‍ സ്പെഷ്യാലിറ്റീസ് കമ്പനിയാണ്കരാറുകാര്‍. കമ്പികള്‍ തുരുമ്പെടുക്കുന്നത് തടയാനുള്ള ‘കതോഡിക് പ്രൊട്ടക്ഷന്‍’ സങ്കേതം ഉപയോഗിച്ചാണ് നവീകരണം. പാലത്തിന്റെ അടിഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാല്‍ മഴ പ്രശ്നമായിട്ടില്ല. അറുപതിലധികം തൊഴിലാളികളാണ് രാത്രിയും പകലുമായി പണി നടത്തുന്നത്.

പാലത്തിനടിയിലെ 63 കടമുറികള്‍ കോര്‍പറേഷന്‍ പൊളിച്ചുമാറ്റുന്നതിലുണ്ടായ കാലതാമസംമൂലം പ്രവൃത്തി പൂര്‍ണതോതില്‍ ആരംഭിക്കുന്നത് വൈകിയിരുന്നു. ഒമ്പത് മാസമാണ് കരാര്‍ കാലാവധി. കടപ്പുറം, ജനറല്‍ ആശുപത്രി, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള റെഡ്ക്രോസ് റോഡില്‍ 1994ലാണ് 25 സ്പാനുകളിലായി 300 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം പണിതത്. അപകടാവസ്ഥയിലായ പാലത്തിന്റെ സ്ലാബിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീണിരുന്നു. പാലം പൊളിച്ചുമാറ്റാതെ സ്ലാബ് ഉള്‍പ്പെടെ ബലപ്പെടുത്തുകയാണ്ചെയ്യുന്നത്. അടുത്തമാസം അവസാനത്തോടെ പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

webdesk11: