കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോവിഡ് രോഗവ്യാപനം. 111 പേര്‍ക്കാണ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. കച്ചവടക്കാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു.
801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കല്‍ വെച്ച് നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്‌കൂളില്‍ നടത്തിയ പരിശോധയില്‍ എട്ടുപേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച് നടത്തിയ പരിശോധയില്‍ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാപാരികള്‍ ബന്ധപ്പെടുന്ന സ്ഥലമാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ്. അതുകൊണ്ടു തന്നെ നിരവധി തവണ മുന്നറിയിപ്പും നല്‍കിയിരുന്നു.