X

കനോലി കനാലില്‍ ബോട്ട് സര്‍വീസ് ഉടന്‍

കോഴിക്കോട്: ചെളി നീക്കി ശുചീകരിച്ച കനോലി കനാലില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള ഭാഗത്ത് ചെളി നീക്കി ആഴം കൂട്ടി ബോട്ട് സര്‍വീസിന് പാകമായിട്ടുണ്ട്. 11.2 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ജലപാതക്കായി കനാല്‍ നവീകരിച്ചിരിക്കുന്നത്. കനാല്‍ വൃത്തിയായിക്കഴിഞ്ഞാലും ആളുകള്‍ മാലിന്യം തള്ളുന്ന സാഹചര്യം ഉണ്ടാവും.ഇത് ഒഴിവാക്കാനും തുടര്‍ന്ന് സംരക്ഷിക്കാനും ഗ്രീന്‍ പാര്‍ട്ണര്‍മാരെ നിയമിക്കും. ജില്ല കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നു. വൃത്തിയാക്കാനായി കനാല്‍ വിവിധ സെക്ടറുകളായി തിരിച്ചിരുന്നു. ഈ സെക്ടറുകള്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാമടങ്ങിയ ഗ്രീന്‍ പാര്‍ട്ണര്‍മാര്‍ സംരക്ഷിക്കണമെന്നാണ് തീരുമാനം.

ഇതു പ്രകാരം എരഞ്ഞിക്കല്‍ ഭാഗത്ത് നിന്ന് തുടങ്ങുന്ന ഒന്നും രണ്ടും മൂന്നും സെക്ടര്‍ നിറവ് വേങ്ങേരിയും നാലും അഞ്ചും സെക്ടര്‍ മലബാര്‍ ആശുപത്രിയും ആസ്റ്റര്‍ മിംസും ചേര്‍ന്നും സംരക്ഷിക്കും. ആറാം സെക്ടര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയും ഏഴാം സെക്ടര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും എട്ടാം സെക്ടര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും പരിപാലിക്കും. ശുചീകരിക്കുക, മാലിന്യം തടയുക, നിരീക്ഷണം നടത്തുക, ബോധവത്ക്കരണ ബോര്‍ഡ് വെക്കുക, ആളുകൂടുന്നിടത്ത് ചെറിയ മാലിന്യ ബിന്നുകള്‍ സ്ഥാപിക്കുക, ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കുക, മാസത്തിലൊരിക്കലെങ്കിലും ശുചീകരണം നടത്തുക എന്നിവയെല്ലാം ഗ്രീന്‍ പാര്‍ട്ണര്‍മാരുടെ ചുമതലയാണ്. ഇതിനായി ജില്ല ഭരണകൂടവും നഗരസഭയും പാര്‍ട്ണര്‍മാരും ചേര്‍ന്ന് ധാരണാ പത്രം ഒപ്പുവെക്കും. സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി കനാല്‍ കോഴിക്കോടിന്റെ ജീവനാഡിയായി നിലനിര്‍ത്താനുള്ള യജ്ഞത്തില്‍ ജനങ്ങള്‍ ഒന്നിച്ചിറങ്ങുമെന്നാണ് കരുതുന്നത്.
കേരള വാട്ടര്‍ വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രചേഴ്‌സ് ലിമിറ്റഡ് ആണ് കനാല്‍ നവീകരണം ഏറ്റെടുത്ത് നടപ്പാക്കുന്നത്. കനാലിലെ പായലുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. മൂന്നുമാസം കൊണ്ട് കനാലിലൂടെ ബോട്ട് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മെയ് ആറുമുതലാണ് ജോലി തുടങ്ങിയത്. 46 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കനാലിലൂടെ ഒഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ചെളി നീക്കിയത്. സില്‍ട്ട് പുഷര്‍, ഫ്‌ളോട്ടിങ് ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കിയത്. സരോവരം വരെയുള്ള ഭാഗത്തെ പായലുകള്‍ നീക്കം ചെയ്തു. എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗത്തെ പണിയും പൂര്‍ത്തിയായി. വേലിയിറക്ക സമയത്തുപോലും 1.2 മീറ്റര്‍ ജലനിരപ്പ് ഉണ്ടായാല്‍ മാത്രമെ ബോട്ട് സര്‍വീസ് സാധ്യമാവുകയുള്ളു. കല്ലായി മുതല്‍ എരഞ്ഞിപ്പാലം വരെ പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് ഓടിച്ചിരുന്നു. കോരപ്പുഴ വരെ ബോട്ട് ഓടിക്കാനാണ് തീരുമാനം.

chandrika: