കോഴിക്കോട്: മലബാറിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നിരവധി സമ്മേളനങ്ങളുടെ വേദിയായി കോഴിക്കോടിന്റെ തിലകക്കുറിയായി മാറിയ ബീച്ചിലെ ഓപണ്‍ സ്റ്റേജ് നവീകരിക്കുന്നു. നിലവിലെ സ്റ്റേജിന്റെ കാലപ്പഴക്കവും കാലത്തിനനുസരിച്ച് പരിപാടികളുടെ സാങ്കേതിക നിലവാരവും പരിഗണിച്ച് പുതുയുഗത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. ഡി എര്‍ത്ത് ആര്‍ക്കിടെക്ച്വറല്‍ ഗ്രൂപ്പ് രൂപകല്‍പന ചെയ്ത സ്റ്റേജിന്റെ നവീകരണ പ്ലാന്‍ അനുസരിച്ചാണ് പുനര്‍നിര്‍മ്മിക്കുന്നത്. സ്‌റ്റേജില്‍ പ്രധാനമായി ഒരു മെയിന്‍ സ്റ്റേജും ഒരു മിനി സ്റ്റേജുമാണുള്ളത്. മെയിന്‍ സ്റ്റേജില്‍ രണ്ട് ഗ്രീന്‍ റൂം, രണ്ട് ടോയ്‌ലറ്റ്, ഒരു ഇലക്ട്രിക് റൂം എന്നിവയും മിനി സ്‌റ്റേജില്‍ രണ്ട് ഗ്രീന്‍ റൂം, രണ്ട് ടോയ്‌ലറ്റ് എന്നിവയുമുണ്ടാകും. ഇതോടനുബന്ധിച്ച് ഒരു മനോഹരമായ നടപ്പാതയും നിര്‍മ്മിക്കും.
സ്ഥലം എംഎല്‍എയായ എ.പ്രദീപ്കുമാറിന്റെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടി രൂപ ചെലവഴിക്കുന്ന പ്രവര്‍ത്തിയുടെ ചുമതല കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ ചുമതലയേറ്റിരിക്കുന്നത് സ്‌റ്റേജ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കും