X

സമരത്തിന്റെ ശക്തി കേന്ദ്രമായി കോഴിക്കോട്

പി അബുദുല്‍ ലത്തീഫ്

അഴിയൂര്‍ മുതല്‍ കടലുണ്ടി വരെയുളള പ്രദേശങ്ങളിലൂടെ 75 കിലോമീറ്റര്‍ നീളത്തിലാണ് കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കടന്നു പോകുന്നത്. മൂവ്വായിരത്തോളം കുടുംബങ്ങളെ കെ റെയില്‍ വഴിയാധാരമാക്കും. കോഴിക്കോട്ട് ഇരുപത്തിയൊന്ന് കേന്ദ്രങ്ങളിലായി സമര പരിപാടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലെ ഇരുപതോളം വില്ലേജുകളില്‍ നൂറു കണക്കിനേക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ക്ക് കെ റെയിലിനും ഭൂമി വിട്ടു നല്‍കേണ്ട സാഹചര്യമുണ്ടിവിടെ. ദേശീയ പാതയ്ക്കും റെയിലിനുമൊപ്പം കെ റെയിലും കടന്നു പോകേണ്ടത് തീരത്തോട് ചേര്‍ന്ന രണ്ട് കിലോ മീറ്റര്‍ വീതിയിലുളള ഭൂമിയിലൂടെയാണ്. കെ റെയില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരിത ഭൂമിയിലകപ്പെട്ടവരായി മാറും.
വടകരയെ രണ്ടായി മുറിച്ച് സില്‍വര്‍ ലൈന്‍

വടകര മണ്ഡലത്തില്‍ മൂരാട് മുതല്‍ അഴിയൂര്‍ വരെ 21 കിലോമീറ്റര്‍ നീളത്തിലാണ് കെ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ 115 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ചോറോട്, കൈനാട്ടി പ്രദേശത്തുകാരുടെ ഭാവി ചോദ്യമാക്കുന്ന തരത്തിലാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. ചരിത്ര പ്രധാനമായ താഴെ അങ്ങാടി, പെരുവാട്ടും താഴെ പ്രദേശങ്ങളില്‍ വലിയ നഷ്ടമാണ് വരാന്‍ പോകുന്നത്. തീരദേശ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെടും. അഴിയൂര്‍, ഒഞ്ചിയം, ചോറോട്, പെരുവാട്ടുംതാഴെ, മുക്കോലഭാഗം, പുതുപ്പണം, മൂരാട് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വടകര താലൂക്കില്‍ കെ റെയില്‍ വിരുദ്ധ സമരം നടക്കുന്നത്.

കാട്ടിലപ്പീടികയിലെ സമരം

ജില്ലയില്‍ കെ റെയിലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് കൊയിലാണ്ടി താലൂക്കില്‍ നടക്കുന്നത്. കാട്ടിലപ്പീടികയിലെ(വെങ്ങളം) അനിശ്ചിത കാല സത്യഗ്രഹം ഇന്നേക്ക് നാനൂറ്റി മുപ്പത്തിയാറാം ദിവസത്തിലേക്കു കടക്കുകയാണ്. 2020 ഒക്ടോബര്‍ 20 മുതലാണ് കാട്ടിലപ്പീടികയില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. കൊയിലാണ്ടി മണ്ഡലത്തില്‍ കൊയിലാണ്ടി നഗരസഭ, പയ്യോളി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലൂടെയാണ് കെ റെയില്‍ കടന്നു പോകുന്നത്. ഇതില്‍ ചേമഞ്ചേരി പഞ്ചായത്തിനെ രണ്ടായി വിഭജിച്ചു കൊണ്ടാണ് പാത കടന്നു പോവുക. കിഴക്കും പടിഞ്ഞാറുമായി ചേമഞ്ചേരി പഞ്ചായത്തിനെ സില്‍വര്‍ ലൈന്‍ പകുത്തിടും. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതു മൂലമുണ്ടാവുക. മൂടാടി(നാരങ്ങോളിക്കുളം)യിലും തിക്കോടിയിലും കെ റെയില്‍ വിരുദ്ധ സമരം ശക്തമാണ്.

കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, ചെറുവണ്ണൂര്‍, കരുവന്‍തിരുത്തി, കസബ, കോഴിക്കോട്, പന്നിയങ്കര, പുതിയങ്ങാടി വില്ലേജുകളിലൂടെയാണ് കെ റെയില്‍ അലൈന്‍മെന്റ്. നിരവധി ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വികസനത്തിന് വഴി മാറും.

ഒന്നും വിട്ടു കൊടുക്കില്ല

കെ റെയില്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ പകുതിയിലേറെ ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. എല്ലാവരും ഈ പദ്ധതിയെ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. എത്ര പണം കിട്ടിയാലും താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. തലമുറകളോളം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിയാണിത്. ആര്‍ക്കു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. കേരള സമൂഹം ഒന്നടങ്കം കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ അണിനിരക്കേണ്ടതുണ്ട്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടംമറിക്കുന്ന പദ്ധതിയാണിത്. പുഴകള്‍, കൈപ്പുഴകള്‍, കൃഷിയിടങ്ങള്‍ എന്നിവയൊക്കെ നികത്തേണ്ടി വരും. വന്‍ തോതില്‍ സ്വകാര്യ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വരും നാളുകളില്‍ അതിശക്തമായ സമരത്തിന് കേരളം സാക്ഷ്യം വഹിക്കും.

ടി.ടി ഇസ്മായില്‍ (കെയില്‍ വിരുദ്ധ
സമിതി ജില്ലാ ചെയര്‍മാന്‍)

സര്‍ക്കാര്‍ ധാര്‍ഷ്ട്യം വിടണം

കെ റെയില്‍ പദ്ധതി അനാവശ്യവും അശാസ്ത്രീയവുമാണ്. ഒരു ലക്ഷത്തോളം കുടുംബങ്ങളെയാണ് വഴിയാധാരമാക്കുന്നത്. നിയമസഭയില്‍ കൃത്യമായ ചര്‍ച്ച പോലും നടത്താതെയാണ് കെ റെയിലുമായി മുന്നോട്ടു പോകുന്നത്. കേരളത്തെ മുഴുവന്‍ കടക്കെണിയിലാക്കുന്ന പദ്ധതി എന്തു വില കൊടുത്തും നടപ്പിലാക്കുമെന്ന ധാര്‍ഷ്ട്യം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. ദേശീയപാത ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും ഭൂമി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

എം.എ റസാഖ് മാസ്റ്റര്‍
(മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി)

 

 

 

 

 

Test User: