ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പക്വതയും തറവാടിത്തവും കാത്തു സൂക്ഷിക്കുന്നവരാണ്; നന്മയുള്ളവരെ മനസ്സറിഞ്ഞ് സല്‍ക്കരിക്കുന്നവര്‍. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോഴിക്കോടിന്റെ സനേഹം ആവോളം നുകരാന്‍ കഴിഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഗോദയിലിറങ്ങുന്നത് ഹാട്രിക് ജയം ലക്ഷ്യമിട്ടാണ്.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളും ജനങ്ങളുമായുണ്ടാക്കിയ ഹൃദയ ബന്ധവുമാണ് എം.കെ രാഘവന്റെ കൈമുതല്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ എം.കെ രാഘവന്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ (മാടായി ആര്‍ട്‌സ് & സയന്‍സ് കോളേജ്) മുഖ്യ ശില്പിയുമാണ്. 2009ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനെ 838 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ എം.കെ രാഘവന്‍ 2014ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ച മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. വികസന കാര്യത്തില്‍ വിപ്ലവകരമായ നേട്ടങ്ങളാണ് പത്തുവര്‍ഷം കൊണ്ട് മണ്ഡലത്തിലുണ്ടായത്. ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങള്‍ മലബാറിലെ മൊത്തം ജനങ്ങള്‍ക്ക് ഗുണപ്രദമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററും 44.5 കോടിയുടെ കാന്‍സര്‍ സെന്ററും ഇംഹാന്‍സ് സെന്ററും വിപ്ലവകരമായ നേട്ടമാണ്.
രാജ്യത്ത് ഏറ്റവും ചെലവേറിയതും ആധുനികവുമായ നിര്‍ദിഷ്ട ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരി പാത വരുന്നതോടെ ഗതാഗത കുരുക്കിന് അറുതിയാവുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായയും മാറും. ദേശീയ പാതയിലെ കുരുക്കഴിച്ച രാമനാട്ടുകര-വെങ്ങളം ആറുവരി പാതയുചെ ശില്‍പിയും മറ്റാരുമല്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലാക്കാനുള്ള 1523 കോടിയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേതാണ്. അണ്ടര്‍ പാസുകളുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇ.എസ്.ഐ റീജ്യനല്‍ സെന്റര്‍ കോഴിക്കോട് സ്ഥാപിച്ചത് തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. ജില്ലയിലെ മൂന്നാമത് കേന്ദ്രീയ വിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. എല്ലാ മേഖലയിലും വികസനം എത്തിച്ചതിന് പുറമെ നിപ്പ, പ്രളയം തുടങ്ങിയ ദുരന്ത ഘട്ടങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ ഇക്കാര്യത്തിലെ വിദഗ്ദരുള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കാന്‍ രാഘവന്റെ ഇടപെടലിനായി. ആര്‍ക്കും എപ്പോഴും എന്തിനും സമീപിക്കാവുന്ന ജനകീയന്‍ എന്നതാണ് രാഘവനെ ശ്രദ്ധേയമാക്കുന്നത്.
ജനകീയ പിന്തുണ്‌ക്കൊപ്പം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും എം.കെ രാഘവന്റെ പ്രവര്‍ത്തനം മികച്ചതാണ്. 76 ശതമാനം ഹാജരാണ് അദ്ദേഹത്തിന് പതിനാറാം ലോക്‌സഭയിലുള്ളത്. കേരളത്തിന്റെയും കോഴിക്കോടിന്റെയും വികസനങ്ങള്‍ ലക്ഷ്യമാക്കിയുള്ള 335 ചോദ്യങ്ങള്‍ സഭയിലുന്നയിച്ചിട്ടുള്ള അദ്ദേഹം 69 ചര്‍ച്ചകളിലും സജീവമായി. കേരളത്തില്‍ നിന്നും പുതിയ ട്രെയിനുകള്‍, കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും പുനഃസ്ഥാപിക്കുക, കോഴിക്കോട് എയിംസ്, കോഴിക്കോട് തുറമുഖം തുടങ്ങിയവ ഒട്ടനവധി വിഷയങ്ങളിലാണ് എം.കെ രാഘവന്‍ ഇടപെട്ടത്.
പാര്‍ലമെന്റിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫേയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ശ്രദ്ധേയമായ സാനിധ്യമായി.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ പ്രദീപ് കുമാര്‍ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയാണ്. നാദാപുരം ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോര്‍ത്ത് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതിയായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി കഴിഞ്ഞ ബജറ്റില്‍ പോലും പണം വകയിരുത്താതുള്‍പ്പെടെ കാര്യമായ വികസന പദ്ധതികളൊന്നും കൊണ്ടുവരാനാവാത്ത പ്രദീപിന് എതിരെ സ്വന്തം മണ്ഡലത്തില്‍ തന്നെ കനത്ത പ്രതിഷേധമാണുള്ളത്. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള നടക്കാവ് ജി.ജി.എച്ച്.എസ്.എസ് പ്രവാസി വ്യവസായികളായ ഡോ.ഫൈസലും ഭാര്യ ഷബാനയും ചേര്‍ന്ന് 22 കോടി രൂപ മുടക്കി നവീകരിച്ചത് സ്വന്തം വികസന നേട്ടമായി അവതരിപ്പിക്കുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ പ്രദീപിനായിട്ടില്ല.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ ഒഴിഞ്ഞു മാറിയതോടെയാണ് യുവ നേതാവായ പ്രകാശ് ബാബുവിന് നറുക്ക് വീണത്. ശബരിമല സംഘര്‍ഷ ഭരിതമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയായ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് എട്ടു കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസ്സില്‍ ജയിലില്‍ കിടന്ന അദ്ദേഹം കോഴിക്കോട്ട് സദാചാര പൊലീസ് ചമഞ്ഞ് ഹോട്ടല്‍ ആക്രമിച്ച കേസ്സിലും ഉള്‍പ്പെട്ടിരുന്നു. എസ്.യു.സി.ഐയും ചില സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ജനകീയതകൊണ്ടും വികസന നേട്ടങ്ങള്‍കൊണ്ടും എം.കെ രാഘവന്‍ തന്നെയാണ് ഏറെ മുന്നില്‍.