കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13 വര്‍ഷങ്ങള്‍ മുമ്പില്‍ നില്‍ക്കെയാണ് ലോക്‌സഭയിലേക്ക് അദ്ദേഹം ജനവിധി തേടുന്നത്.
മാനാഞ്ചിറ
വെള്ളിമാട്കുന്ന് റോഡ് നിഷ്‌ക്രിയത്വം
അപകടങ്ങള്‍ നിത്യസംഭവമാകുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ വികസനം സാധ്യമാക്കാന്‍ പതിമൂന്ന് വര്‍ഷകാലം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എക്ക് സാധിച്ചില്ലെന്നത് വികസനമുരടിപ്പിന്റെ വലിയ തെളിവുകളില്‍ ഒന്ന് മാത്രം. ഒരോ തെരഞ്ഞെടുപ്പിലും മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ പേരില്‍ വാഗ്ദാനം നല്‍കി ജനങ്ങളെ കബിളിപ്പിച്ചതല്ലാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും റോഡ് വികസനം നടപ്പാക്കാന്‍ എം.എല്‍.എ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.
2003ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായ ഡോ.എം.കെ മുനീറായിരുന്നു ഏഴ് പ്രധാന റോഡുകള്‍ ഉള്‍കൊള്ളുന്ന നഗരപാത വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 2006ല്‍ എം.എല്‍. എയായി ജയിച്ച ഇപ്പോഴത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. പദ്ധതികള്‍ അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് 2012ല്‍ മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡിനായി ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്.
അന്ന് എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിനായി 25 കോടി ആദ്യമായി അനുവദിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ 64 കോടി രൂപ യു.ഡി.എഫ് സര്‍ക്കാരാണ് അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് തേടുകയും ഭരണത്തില്‍ എത്തിയപ്പോള്‍ വാക്ക് തെറ്റിക്കുകയുമായിരുന്നു.
തുടര്‍ന്ന് സമരസമിതി പ്രക്ഷോഭത്തിലേക്ക് കടന്നിട്ടും 2017 മെയ് മാസത്തില്‍ അനുവദിച്ച 50 കോടി വിതരണം ചെയ്യാതെ ഭൂഉടമകളെ കബളിപ്പിച്ചു. 2017 മാര്‍ച്ച് 31നകം മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ഭൂഉടമകളുടെ യോഗത്തില്‍ ഉറപ്പ് നല്‍കിയ എം.എല്‍.എ 2019 ഏപ്രില്‍ എത്തിയിട്ടും റോഡ് വികസനത്തിന് ഒരു രൂപയും നല്‍കിയിട്ടില്ല.
ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്തതിനെ തുടര്‍ന്ന് ആക്ഷന്‍കമ്മിറ്റിയുടെ പ്രതിഷേധം ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ റോഡിനായി 100കോടി പാസാക്കിയെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും എം.എല്‍.എയുടെ പേരില്‍ പോസ്റ്റര്‍ അടിച്ചിറക്കുകയുമാണ് ചെയ്തത്.
കഴിഞ്ഞ ബജറ്റില്‍ ഒരു രൂപ പോലും ഈ റോഡിനായി നീക്കിവെച്ചിട്ടില്ല. എം.എല്‍.എയുടെ പ്രഖ്യാപനം കേട്ട് റോഡിനായി സ്ഥലം വിട്ട് നല്‍കിയ വ്യാപാരികളും ഉപജീവനമാര്‍ഗമായ സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റാന്‍ അനുവാദം നല്‍കിയ ആളുകളും നിലവില്‍ തെരുവിലായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സാധ്യമാകാത്ത വികസനങ്ങളുടെ വാഗ്ദാന പത്രികയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലോക്‌സഭയിലേക്ക് വോട്ട് തേടിയിറങ്ങിയത്.
ലൈറ്റ്‌മെട്രോ,
മൊബിലിറ്റി ഹബ്ബ്
കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് ട്രാന്‍സ്‌പോര്‍ട്ട് മൊബിലിറ്റി ഹബ്ബ്, കണ്ണാടിക്കല്‍ ജലവിതരണ പദ്ധതി, സിവില്‍ സ്‌റ്റേഷന്‍ കോട്ടൂളി എം. എല്‍, എ റോഡ് എന്നിങ്ങനെ പ്രഖ്യാപനത്തില്‍ ഒതുക്കിയ പദ്ധതികളും പാതിവഴിയിലിട്ട പദ്ധതികളുടെയും ഉത്തരവാദിത്വത്തില്‍ നിന്നും എം.എല്‍.എക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പത്തു വര്‍ഷത്തെ എം.കെ രാഘവന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തുറന്ന സംവാദത്തിന് യു.ഡി.എഫ് വെല്ലുവിളിക്കുമ്പോള്‍ എല്‍.ഡി.എഫ് ഒഴിഞ്ഞ് മാറുന്നതിന്റെ പ്രധാനകാരണം എല്‍.ഡി.എഫിന്റെ വികസന മുരടിപ്പ് മാത്രമാണ്. ഡോ.എം.കെ മുനീര്‍ പ്രതിനിധാനം ചെയ്യുന്ന സൗത്ത് മണ്ഡലത്തിലെ കോട്ടപ്പറമ്പ് ആസ്പത്രി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് സ്വന്തം നേട്ടമാക്കാന്‍ ശ്രമിക്കുന്നതും കൗതുകകരമാണ്.