കോഴിക്കോട്: കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറില്‍ തീ പടര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോര്‍ട്ട്
ഓടുന്ന കാറിന് തീ പിടിച്ച് യാത്രക്കാരന്‍ വെന്തുമരിക്കാനിടയായത് ഷോർട്ട് സർക്ക്യൂട്ട് കാരണമെന്ന് ഫോറൻസിക് കണ്ടെത്തല്‍. കാറിനുള്ളിലെ വയറിങില്‍നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ചെറുതായി പടർന്ന തീ കാർ ഓടിക്കൊണ്ടിരിക്കെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയും തീ ആളിക്കത്തുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക ഫലം.
തീപടർന്ന് പിടിക്കത്തക്ക വിധത്തില്‍ കാറിനുള്ളില്‍ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം. അപകടത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധർ കാറില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് സാധ്യത സ്ഥിരീകരിച്ചത്. കോഴിക്കോട് കോന്നാട് ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചേളന്നൂർ പുന്നശേരിയില്‍ പി. മോഹൻദാസ് (68) ആണ് മരിച്ചത്.
തീപടരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും റോഡിന്റെ അരികിലേക്ക് കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയുമായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങി. ഇതോടെ മോഹൻദാസിന് പുറത്തിറങ്ങാൻ സാധിച്ചില്ല. അപ്പോഴേക്കും കാറിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു.