കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറു പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി ജിദ്ദയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ ഒരാളാണ് സംഘത്തിന് വിവരം നൽകിയത്. ഇയാളുൾപ്പടെ മൂന്നുപേർ 3.18 കിലോ സ്വര്‍ണ്ണവുമായിട്ടായിരുന്നു ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. മൂന്നു പേരും കസ്റ്റംസ് പിടിയിലായതോടെയാണ് തട്ടിപ്പ് പദ്ധതി പൊളിഞ്ഞത്.
കവര്‍ച്ചാ സംഘം എത്തിയ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകള്‍ പരിശോധിച്ചതില്‍ കവര്‍ച്ചനടത്താനായി സംഘം കരുതിയ ഇരുമ്പ് ദണ്ഢും മൂര്‍ച്ചയേറിയ പേപ്പര്‍ നൈഫും കണ്ടെടുത്തു. വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച കാറുമായാണ് കവര്‍ച്ചാ സംഘം എയര്‍പോര്‍ട്ടിലെത്തിയിരുന്നത്.
കടത്തുസ്വര്‍ണ്ണം തട്ടാന്‍ കവര്‍ച്ചാ സംഘം എത്തുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് നേരത്തേ രഹസ്യ വിവരം ലഭിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.