രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ആറ്-ഏഴിരട്ടിയെങ്കിലും വരുമെന്ന് പഠന റിപ്പോര്‍ട്ട്. മരണ നിരക്ക് കുറച്ച് കാണിക്കാന്‍ കാരണം റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെക്കുന്നതോ, അപൂര്‍ണമായ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകളോ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് മറ്റു ഗുരുതര രോഗം ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുത്തിയതോ ആകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സെപ്തംബറോടെ രാജ്യത്ത് 3.2 മില്യന്‍ പേര്‍ (3,200,000) കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകാമെന്നും ഇത് റിപ്പോര്‍ട്ട് ചെയ്ത മരണത്തേക്കാള്‍ ആറ്-ഏഴ് ഇരട്ടിയാണെന്നും ഒരുസ്വതന്ത്ര, രണ്ട് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വ്യാഴാഴ്ച സയന്‍സ് ജേണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെ രാജ്യത്തെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 137,289 പേരെ ഉള്‍പ്പെടുത്തിയാ ണ് നടത്തിയ സര്‍വേ.
കനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പ്രഭാത് ഝായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ജൂലൈ വരെ കോവിഡ് കാരണം 29 ശതമാനം (32 ലക്ഷം) മരണം സംഭവിച്ചതായാണ് ഗവേഷണ സംഘം കണ്ടെത്തിയത്. ഇതില്‍ 27 ലക്ഷം മരണവും നടന്നത് 2020 ഏപ്രില്‍ മുതല്‍ ജൂലൈ 2021വരെയുള്ള കാലഘട്ടത്തിലാണ്. ഇതേ കാലയളവില്‍ തന്നെ കോവിഡ്, കോവിഡേതര മരണങ്ങളും കുത്തനെ ഉയര്‍ന്നതായി 57,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ മറ്റൊരു സര്‍വേയും ചൂണ്ടിക്കാട്ടുന്നു. കോവിഡിന് മുമ്പുള്ള രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്കില്‍ 27 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും 10 സംസ്ഥാനങ്ങളിലെ മരണ രജിസ്‌ട്രേഷനുകളില്‍ 26 ശതമാനം വര്‍ധനവുണ്ടായതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രണ്ടും വര്‍ധനയും സംഭവിച്ചത് 2021ലാണ്. രേഖകള്‍ വ്യക്തമാക്കുന്നത് 2021 സെപ്തംബറില്‍ ഇന്ത്യയിലെ മരണ നിലക്ക് ആറ്-ഏഴ് ഇരട്ടി ഉയര്‍ന്നതായാണ്.
രാജ്യത്തെ കോവിഡ് മരണങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയോ സര്‍ട്ടിഫിക്കറ്റുകള്‍ അപൂര്‍ണമാവുകയോ മറ്റു ഗുരുതര രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് മാറുകയോ ചെയ്തതായാണ് ഗവേഷകര്‍ പറയുന്നത്. സ്വകാര്യ സര്‍വേ ഏജന്‍സിയായ സീ വോട്ടറെ ഉപയോഗിച്ചുള്ള ടെലിഫോണ്‍ സര്‍വേ, മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം എന്നീ ഡേറ്റകളും പഠനത്തിനായി ഉപയോഗിച്ചിരുന്നു. 2022 ജനുവരി ഒന്നിന് ഇന്ത്യയില്‍ 35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മരണം 4.8 ലക്ഷവും.
എന്നാല്‍ തങ്ങളുടെ കണ്ടെത്തല്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് നിരക്കും മരണവും ആറ്-ഏഴ് ഇരട്ടി അധികമാണെന്നും ഇത് ആഗോള തലത്തില്‍ ഡബ്ലു.എച്ച്.ഒയുടെ കണക്ക് അനുസരിച്ചുള്ള കോവിഡ് മരണ നിരക്ക് തന്നെ ഉയരാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
സെന്റര്‍ ഫോര്‍ വോട്ടിങ് ഒപീനിയന്‍സ് ആന്റ് ട്രന്‍ഡ്‌സ് ഇലക്ഷന്‍ റിസേര്‍ച്ച് നോയ്ഡ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഡെവലപ്‌മെന്റ് ഡേറ്റ ലാബ് വാഷിങ്ടണ്‍, ഡാര്‍ട്ട്മൗത്ത് കോളജ് എക്കണോമിക്‌സ് വകുപ്പ് എന്നിവിടങ്ങളിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.