ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച് ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരി ജനിതക മാറ്റത്തിലൂടെ പലതരം വകഭേദങ്ങളായി ഭീഷണി തുടരുകയാണ്. രണ്ടു വര്‍ഷത്തോളം ജീവിതത്തിന്റെ സമസ്ത മേഖലകളെയും തളര്‍ത്തി കോവിഡ് നമ്മോടൊപ്പമുണ്ട്. ഭീതി നീങ്ങുന്നുവെന്ന് സമാശ്വസിച്ചു തുടങ്ങുമ്പോഴേക്ക് പുതിയ വകഭേദത്തിലൂടെ ഭീകരരൂപം പ്രാപിച്ച് കോവിഡ് മനുഷ്യനെ വേട്ടയാടുകയാണ്. ഡെല്‍റ്റ വകഭേദത്തിന്റെ കടന്നാക്രമണത്തെ ലോകം അതിജീവിച്ചുകൊണ്ടിരിക്കെയാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണിന്റെ കടന്നുവരവ്. ആദ്യ കോവിഡ് വൈറസിനെക്കാള്‍ ഏറെ പ്രഹരശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ തലപൊക്കിയിട്ടുള്ളതെന്ന്് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്ത് ഓസ്‌ട്രേലിയ, ഇറ്റലി, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍, ഇസ്രാഈല്‍, ഹോങ്കോങ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആഫ്രിക്കന്‍ വകഭേദം രാജ്യത്ത് എത്തിയിട്ടുണ്ടാകുമെന്നാണ് യു.എസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറയുന്നത്. രോഗവ്യാപനം മുന്നില്‍ കണ്ട് ആഫ്രിക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ലോകരാജ്യങ്ങള്‍ റദ്ദാക്കിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണത്തില്‍ ഏറെ മുന്‍പന്തിയിലുള്ള സഊദി അറേബ്യ 14 ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള എല്ലാ വ്യോമ ബന്ധങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വാക്‌സിനേഷനുമായി ഏറെ മുന്നേറിക്കഴിഞ്ഞ ഇസ്രാഈല്‍ മുഴുവന്‍ വിദേശികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ഒമിക്രോണിനെ തുടര്‍ന്ന് പൂര്‍ണതോതില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍.
ക്രിസ്മസിന് മുമ്പ് ഇനിയൊരു കോവിഡ് തരംഗ സാധ്യതയെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഒമിക്രോണിന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. ഇതില്‍നിന്നെല്ലാം മനസിലാകുന്നത് ഒരൊറ്റ കാര്യമാണ്. കോവിഡിനെ പിടിച്ചുകെട്ടാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇനിയും സാധിച്ചിട്ടില്ല. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും പ്രതിരോധ തന്ത്രങ്ങളില്‍ ഊന്നിയാണ് ലോകം ഇപ്പോഴും മുന്നോട്ടുപോകുന്നത്. കോവിഡിനെതിരെ ആജീവനാന്ത പ്രതിരോധ ശേഷി നല്‍കുകയും വകഭേദങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതുമായ വാക്‌സിന്‍ വികസിപ്പിക്കേണ്ടതായിട്ടുണ്ട്. ആ വഴിക്കുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ആശ്വസിക്കാനും സമയമായിട്ടില്ലെന്ന് ചുരുക്കം. ഇപ്പോള്‍ നടക്കുന്ന വാക്‌സിനേഷനെ പൂര്‍ണതോതില്‍ തള്ളിക്കളയാനാകില്ല. മരുന്നു നിര്‍മാണ കമ്പനികള്‍ അവകാശപ്പടുന്നതുപോലെ രോഗം തീവ്രമാകുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്യുന്നത് കുറയ്ക്കാന്‍ നിലിവുള്ള വാക്‌സിനുകള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടാകാം. കോവിഡിനെതിരെ ഏത് വാക്‌സിനാണ് ഏറെ ഫലപ്രദമെന്ന വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. വാക്‌സിന്‍ സ്വീകരിച്ച ശേഷം മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും നിര്‍ഭയം പുറത്തിറങ്ങാന്‍ സാധിക്കുന്ന സാഹചര്യം ഇനിയുമുണ്ടായിട്ടില്ല. അതോടൊപ്പം ഒമിക്രോണിനെ പോലെ പുതിയ വകഭേദങ്ങള്‍ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഫൈസര്‍-ബയോടെക്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഓക്‌സ്ഫഡ് അസ്ട്രസെനെക്ക, നോവാവാക്‌സ്, കോവിഷീല്‍ഡ്, സ്പുട്‌നിക്, കോവാക്‌സിന്‍, സിനോഫാം എന്നിവയാണ് നിലവില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍. പൂര്‍ണ ഫലപ്രാപ്തി ഇവരാരും അവകാശപ്പെടുന്നില്ല. കോവിഡിന്റെ ആദ്യ കാല വൈറസിനെ പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തിലാണ് ഇതെല്ലാം വികസിപ്പിച്ചിട്ടുള്ളത്. അന്ന് വകഭേദങ്ങള്‍ ഗവേഷണ പരിഗണനയില്‍ വന്നിരുന്നില്ല.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നാലാം ഡോസ് കുത്തിവെക്കേണ്ടിവരുമെന്നാണ് ഇസ്രാഈല്‍ ആരോഗ്യ മന്ത്രി പൗരന്മാരെ ഉപദേശിച്ചിരിക്കുന്നത്. ഡോസുകളുടെ എണ്ണം കൂട്ടിയതുകൊണ്ടുമാത്രം പ്രതിരോധ ശേഷി ലഭിക്കുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയും ചെയ്യുന്നു. കൂടുതല്‍ അളവിലുള്ള വാക്‌സിന്‍ പ്രയോഗങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങള്‍ ആവശ്യവുമാണ്. വാക്‌സിന്‍ നിര്‍മാണങ്ങള്‍ ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലല്ലെന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. മഹാമാരി മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യത ഏറെയാണ്. വാക്‌സിനേഷന്‍ വഴി തുടച്ചുനീക്കപ്പെടുകയോ പൂര്‍ണതോതില്‍ നിയന്ത്രിക്കപ്പെടുകയോ ചെയ്ത പകര്‍ച്ചവ്യാധികളാണ് വസൂരിയും പോളിയോയും. വസൂരി വാക്‌സിന്‍ വികസിപ്പിച്ച എഡ്വേര്‍ഡ് ജെന്നര്‍ക്ക് പണ മോഹങ്ങളുണ്ടായിരുന്നില്ല. ഏതെങ്കിലും മരുന്നു നിര്‍മാണ കമ്പനിയുടെ മേധാവിയുമായിരുന്നില്ല അദ്ദേഹം. നൂറ്റാണ്ടുകളോളം മനുഷ്യ സമൂഹത്തെ വേട്ടയാടിയ ഒരു രോഗത്തെനെതിരെ പ്രതിരോധ ഭിത്തി കെട്ടുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് ആദ്യം അവകാശപ്പെട്ടത് റഷ്യയാണ്. പക്ഷെ, അത് അംഗീകരിക്കാന്‍ പാശ്ചാത്യ ലോകം തയാറായില്ല. റഷ്യയുടെ സ്പുട്‌നിക് പടിക്കു പുറത്താകാനുള്ള സാമ്പത്തിക കാരണങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഡെല്‍റ്റയും ഒമിക്രോണുമായി കോവിഡ് വൈറസ് പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഫലപ്രദമായ വാക്‌സിനുകളെക്കുറിച്ച് നിസ്വാര്‍ത്ഥവും സത്യസന്ധവുമായ ഗവേഷണങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.