ന്യൂഡല്‍ഹി: രാജ്യത്ത് 12 – 14 പ്രായക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന് നടപടി തുടങ്ങി. മാര്‍ച്ച് മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കോവിഡ് 19 വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ വ്യക്തമാക്കി. 15-18 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു.
ഏഴരക്കോടി പേരാണ് ഈ ഗ്രൂപ്പില്‍ വരുന്നത്. ഇതില്‍ 3.45 കോടി പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ശേഷിക്കുന്നവര്‍ക്കും ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 28 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസും സ്വീകരിക്കേണ്ടതുണ്ട്. ഇതു പ്രകാരം ഫെബ്രുവരി അവസാനത്തോടെ 15-18 പ്രായക്കാരുടെ രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ണമാകും.
ഇതിനു പിന്നാലെ 12-14 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഏകദേശം ഏഴര ക്കോടി പേരാണ് ഈ ഗ്രൂപ്പിലും കണക്കാക്കുന്നത്. രണ്ടു മാസം കൊണ്ട് ഇവരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. ഇതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുകയാണ്.
24 മണിക്കൂറിനിടെ 2.38 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതുച്ചേരിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ നേരിട്ടെത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗോവ രാജ്ഭവനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജനുവരി 23 വരെയാണ് നിയന്ത്രണം. ഒഡീഷയില്‍ 24 മണിക്കൂറില്‍ 10,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡല്‍ഹിയിലെ തീഹാര്‍, മണ്ഡോളി, രോഹിണി ജയിലുകളില്‍ നടത്തിയ കൂട്ട പരിശോധനയില്‍ 90 തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം കര്‍ശനമാക്കി.