ജനീവ: കോവിഡ് വൈറസിന്റെ പരിണാമത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ഇപ്പോഴും പരിണമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത വകഭേദം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ സാംക്രമികരോഗ വിദഗ്ധയും കോവിഡ് 19 സാങ്കേതിക സംഘത്തിന്റെ മേധാവിയുമായ മരിയ വാന്‍ കെര്‍ഖോവ് അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ ഇന്‍ഫ്‌ലുവന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ് സിസ്റ്റത്തിന് കൂടുതല്‍ ഡാറ്റ കിട്ടിയാല്‍ മാത്രമേ വൈറസിന്റെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് തന്റെ പ്രസ്താവനക്ക് വ്യക്തത വരുത്തി കെര്‍ഖോവ് ട്വീറ്റ് ചെയ്തു. സാധാരണ പകര്‍ച്ചപ്പനികളെ അപേക്ഷിച്ച് കാലാനുസൃതമല്ലാതെയാണ് കൊറോണ വൈറസ് പരിണമിക്കുന്നതെന്നും അതുകൊണ്ട് പരിണാമത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.