രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.ഇന്നലെ മാത്രം 33,750 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 123 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 10,846 പേരാണ് കോവിഡ് മുക്തരായത്. സജീവ കേസുകളുടെ എണ്ണം 1,45,582ലെത്തിയിട്ടുണ്ട്.പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകളുടെ എണ്ണവും കുത്തനെ ഉയരുകയാണ്.ആകെ ഒമിക്രോണ്‍ കേസുകള്‍ 1700 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 510 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും സ്ഥിരീകരിച്ചു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായി.
അതെസമയം കോവിഡ് മഹാമാരി വീണ്ടും പടര്‍ന്നുകയറുമ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഡല്‍ഹിക്കു പിന്നാലെ പശ്ചിമബംഗാളും സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാരാക്കി വെട്ടിക്കുറച്ചു. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 15 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പകല്‍ സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.