ഖത്തര്‍ അഭ്യന്തര മന്ത്രാലയ മനുഷ്യാവകാശ വകുപ്പ് പുരസ്‌കാരം കെ.എം.സി.സിക്ക്. കോവിഡ് കാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ്. ഖത്തര്‍ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബേതര സമൂഹങ്ങളുടെ മേധാവികളെ ആദരിക്കുന്ന ചടങ്ങില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി എന്നിവര്‍ ഹ്യുമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ടമെന്റ് അസി. ഡയറക്ടര്‍ കേണല്‍ സാലിം സാദ് അല്‍ ദോസരിയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് 24 മണിക്കൂറും കെ.എം.സി.സി ഓഫീസ് സജീവമായിരുന്നു. പതിനായിരക്കണക്കിന് ഭക്ഷ്യക്കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. നാട്ടില്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുമായിച്ചേര്‍ന്ന് ഇന്ത്യയില്‍ നിന്നും ഖത്തറില്‍ നിന്ന് തന്നെ റെഡ് ക്രസന്റ് വഴിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയും മരുന്നുകള്‍ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം എത്തിച്ചു നല്‍കി. കുടുങ്ങിപ്പോയ ആളുകളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തി. 36 വിമാനങ്ങള്‍ വഴി ആയിരക്കണക്കിന് ആളുകളെ നാട്ടിലേക്കയച്ചു. നാട്ടില്‍ ജോലിയില്ലാതെ പ്രയാസപ്പെട്ട പ്രവാസികള്‍ക്ക് ഭക്ഷ്യകിറ്റുകളും സാമ്പത്തിക സഹായവും നല്‍കി. ഇങ്ങനെ നിരവധി സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ അഭ്യന്തര മന്ത്രാലയ മനുഷ്യാവകാശ വകുപ്പ് പുരസ്‌കാരം കെ.എം.സി.സിയെ തേടിയെത്തിയത്.