കേപ്ടൗണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എന്നിന്റെ ആരോഗ്യ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് കേസുകള്‍ പെട്ടന്ന് ഉയരുന്ന സാഹചര്യമുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ നൂറുക്കണക്കിന് കേസുകള്‍ മാത്രമുണ്ടായിരുന്നത് കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് ആയിരം കടന്നിരിക്കുകയാണ്. ഇത് ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യ രംഗത്തുള്ളവരും ശാസ്ത്രജ്ഞരും പറയുന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്. ഈ വര്‍ഷം ആദ്യത്തിലാണ് നാലാം തരംഗത്തില്‍ നിന്നും രാജ്യം മോചനം നേടിയത്. എന്നാല്‍ വീണ്ടും കേസുകള്‍ ഉയരാന്‍ തുടങ്ങിയത് രാജ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശത്ത് മെയ്, ജൂണ്‍ മാസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്നതിനാല്‍ അഞ്ചാം തരംഗം കൂടുതല്‍ ദുരിതമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും തീവ്രപചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരിലോ മരണ സംഖ്യയിലോ വര്‍ധനവുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.