കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അനിവാര്യമായ ചില മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു.
വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മതസാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍ വരുന്നത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയില്‍. സി കാറ്റഗറിയില്‍ വരുന്ന ജില്ലകള്‍ ഇപ്പോള്‍ ഇല്ല.
സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാത്രമായിരിക്കും.
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. രോഗമുള്ളവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാകണം.
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കും. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രമേ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയുള്ളു. അവിടെ ഗുരുതര അവസ്ഥയില്‍ എത്തുന്നവരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കുന്ന നില ഉറപ്പു വരുത്തും.
ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്.