ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ വില കുത്തനെ കുറച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും. കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വില കുറയ്ക്കുന്നതെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
കോവിഷീല്‍ഡിന്റെ വില ഒരു ഡോസിന് 600 രൂപയായിരുന്നത് 225 രൂപയാണ് കുറച്ചതെന്ന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ ആധാര്‍ പുനെവാല പറഞ്ഞു. കോവാക്‌സിന്‍ ഒരു ഡോസിന് 1200 രൂപയായിരുന്നത് 225 രൂപയായി കുറച്ചതായി ഭാരത് ബയോടെക് സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയരക്ടറുമായ സുചിത്ര എല്ല ട്വീറ്റു ചെയ്തു.
18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഇന്നു മുതല്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിന്‍ വില കുറച്ചത്. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി പണം നല്‍കി മാത്രമേ മുന്‍കരുതല്‍ ഡോസ് ലഭിക്കൂ.
സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമേ സൗജന്യ കരുതല്‍ ഡോസ് നല്‍കുന്നുള്ളൂ.രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള 96 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.