ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. ഒരു ദിവസം കൊണ്ട് 41 ശതമാനം കേസുകളാണ് വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം ബാധിച്ചു. 8 മരണങ്ങളും പുതിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 32,498 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ജൂണ്‍ മാസത്തില്‍ ഇതുവരെ രാജ്യത്ത് 32,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിലും 80 ശതമാനം കൂടുതല്‍ കേസ് ആണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ നഗരത്തില്‍ മാത്രം 83 ശതമാനം കേസുകള്‍ വര്‍ധിച്ചു. 1,242 പുതിയ കേസുകളാണ് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താനെ, നവി മുംബൈ എന്നിവിടങ്ങളിലും കേസുകള്‍ ഉയരുകയാണ്. കേരളത്തിലാകട്ടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,271 ആണ്. അതേ സമയം ഡല്‍ഹിയില്‍ കേസുകള്‍ കുറയുന്നുണ്ട്.