X

മഹാനഗരങ്ങളില്‍ കോവിഡ് കുതിച്ചുയരുന്നു;1,892 ഒമിക്രോണ്‍ ബാധിതര്‍

ന്യൂഡല്‍ഹി: മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി രാജ്യത്ത് കോവിഡ്, പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, പറ്റ്‌ന എന്നീ നഗരങ്ങളില്‍ കോവിഡ് ക്രമാധീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പുതിയ കോവിഡ് കേസുകളും 124 മരണവുമുണ്ടായി.

ഒരാഴ്ചക്കിടെ 1.3 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,71,830 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 12 ആഴ്ചക്കു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ബയോ മെട്രിക് ഹാജര്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡല്‍ഹിയില്‍ ഇന്നലെ 4,099 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനിടെ 10,000 പേര്‍ക്കാണ് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ മൂന്ന് ലാബുകളില്‍ രണ്ട് ദിവസത്തിനിടെ പരിശോധിച്ച സാമ്പിളുകളില്‍ 81 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 11,877 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,063 കേസുകളും തലസ്ഥാനമായ മുംബൈയിലാണ്. മുംബൈയില്‍ ഒന്നാം തരം മുതല്‍ 9-ാം തരം വരെയുള്ള ഓഫ്‌ലൈന്‍ ക്ലാസുകളും 11-ാം ക്ലാസും ഈ മാസം 31 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചു. നിലവില്‍ 1892 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. 29 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ഒമിക്രോണ്‍ എണ്ണം 181 ആയി. ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നതോടെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. പുതുവര്‍ഷത്തോടനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നെങ്കിലും ആയിരങ്ങളാണ് ഗോവയിലെ ബീച്ചില്‍ ഒത്തു ചേര്‍ന്നത്.

മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട 2000 പേരുള്ള കോര്‍ഡീലിയ എന്ന കപ്പലില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാസ്‌കോയില്‍ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. 66 പേര്‍ക്കാണ് കപ്പലില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ 200 ഓളം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6153 കേസുകളാണ് പശ്ചിമ ബംഗാളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

 

Test User: