ബെയ്ജിങ്: കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂട്ട പരിശോധനക്ക് ഉത്തരവിട്ട് അധികാരികള്‍. വെള്ളിയാഴ്ച മുതല്‍ തലസ്ഥാന നഗരിയില്‍ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞ പേരിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലേതു പോലെ രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന ആശങ്കയാണ് ജാഗ്രതക്ക് കാരണം.
ആഴ്ചകളായി ലോക്ക്ഡൗണ്‍ തുടരുന്ന ഷാങ്ഹായ് നഗരത്തില്‍ ഇന്നലെ 52 പേര്‍ മരിക്കുകയും 1600 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അവശ്യ സാധനങ്ങള്‍ കിട്ടാതെ ആളുകള്‍ ദുരിതത്തിലാണ്.
രോഷാകുലരായ ജനം പാത്രങ്ങള്‍ ബാല്‍ക്കണികളില്‍ കയറി പുറത്തേക്ക് നോക്കു ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഭയന്ന് ബെയ്ജിങ്ങിലും ആളുകള്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമിക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് രാജ്യത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്. രോഗബാധിതരില്‍ പലര്‍ക്കും ലക്ഷണങ്ങളില്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. സീറോ കോവിഡാണ് ചൈനയുടെ ലക്ഷ്യം. പക്ഷെ, രോഗം വ്യാപിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭരണകൂടം ഭയക്കുന്നത്.