X

കോവിഡ് ജാഗ്രത കൈവിടരുത്- എഡിറ്റോറിയല്‍

കോവിഡ് 19 ന്റേയും ഒമിക്രോണ്‍ വകഭേദത്തിന്റെയും വ്യാപനത്തോടെ രാജ്യത്തെങ്ങും വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ തുടരുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍ ജിമ്മുകള്‍, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടുകയാണ്. മെട്രോകളിലും ബസുകളിലും പകുതി യാത്രക്കാര്‍ മാത്രമാക്കി. പ്രതിദിന കേസുകള്‍ മുപ്പതില്‍ താഴെ എത്തിയ രാജ്യ തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് 496 കേസുകളാണ്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതുവരേ 142 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈ നഗരത്തിലെ ഇന്നലെത്തെ കോവിഡ് കണക്കും ഭീതി ജനകമാണ്. കഴിഞ്ഞ ആഴ്ച്ചയോടെ പ്രതിദിന കേസുകള്‍ 150നു താഴെ എത്തിയ മഹാ നഗരത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2000 ലധികം കേസുകളാണ്. ഈ നില തുടരുകയാണെങ്കില്‍ ഇതു 5000- 6000 ല്‍വരെ എത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തലസ്ഥാനമായ ഡല്‍ഹിയിലും സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും മാത്രം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളിലുണ്ടായിരിക്കുന്ന വര്‍ധന 70- 80 ശതമാനമാണ്. കേരളത്തില്‍ 2474 കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ആഴ്ച്ചയിലെ കോവിഡ് കേസുകളുടെ ശരാരരി എണ്ണം 2381 ആണ്. രാജ്യത്താകെ 9195 കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 781 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാനും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും രാത്രികാല കര്‍ഫ്യൂവും മറ്റു നിയന്ത്രണങ്ങളും വരുത്തിക്കഴിഞ്ഞു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസ് നല്‍കുന്നതിന്റെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. യു.പി അടക്കമുള്ള നാലുസംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍പോലും അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നു.

ജീവന്റെ വിലയുള്ള ജാഗ്രത കൈവിടാനായിട്ടില്ല എന്നതാണ് ഈ ആഴ്ച്ചയിലെ കോവിഡ് കണക്കുകള്‍ നമുക്ക് നല്‍കുന്ന സൂചന. വിവാഹം, മരണാനന്തരചടങ്ങുകള്‍, തുടങ്ങിയ ആഘോഷങ്ങളിലും ആചാരങ്ങളിലുമെല്ലാം നിയന്ത്രണങ്ങള്‍ പൂര്‍ണമായും കൈവിട്ട ഒരു അവസ്ഥയിലാണ് നാമിന്നുള്ളത്. ലോക് ഡൗണ്‍ അവസാനിപ്പിക്കുമ്പോള്‍ അതോടൊപ്പം കോവിഡ് പൂര്‍ണമായും ഒഴിഞ്ഞുപോകുകയാണെന്ന പൊതുബോധമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ജീവിതവഴി പൂര്‍ണമായും അടഞ്ഞുപോകുമ്പോഴുള്ള പ്രയാസം മറികടക്കാനാണ് ലോക്ഡൗണുകള്‍ എടുത്തുകളയുന്നത് എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

പുതുവത്സരപ്പിറവി നമ്മുടെ മുന്നിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ എല്ലാം മറന്ന് ആഘോഷിക്കാന്‍ അവസരമായിട്ടില്ല എന്ന് കോവിഡ് ബോധ്യപ്പെടുത്തുന്നു. രാത്രികാല കര്‍ഫ്യൂവും കൂട്ടംകൂടലിനും ആഘോഷങ്ങള്‍ക്കുമെല്ലാം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ആഘോഷ സന്ദര്‍ഭങ്ങളില്‍ നിയമങ്ങളൊക്കെ നോക്കുകുത്തികളാകാറാണ് നമ്മുടെ പതിവ്. പലവിധത്തിലുള്ള സ്വാധീനങ്ങളില്‍ പെട്ട് അധികൃതരും കണ്ണടക്കാറാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന കാര്യത്തിലും കാര്യങ്ങള്‍ തഥൈവയാണ്. സ്വരക്ഷയേക്കാളുപരി ഫൈനില്‍ നിന്ന് രക്ഷപ്പെടാനാണ് പലപ്പോഴും നമ്മുടെ മുന്‍കരുതലുകളെല്ലാം. മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയുമെല്ലാം ഉപയോഗം പൊലീസിനെ കാണുമ്പോള്‍ മാത്രമായി ചുരുങ്ങുന്നു.

എന്നാല്‍ ഇനിയൊരു ലോക്ഡൗണ്‍ താങ്ങാന്‍ നമ്മുടെ നാടിന് കരുത്തില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. നിയന്ത്രണങ്ങളും മുന്‍കരുതലുകളുമെല്ലാം നമ്മുടെ രക്ഷക്കാണ് എന്ന ബോധ്യത്തോടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടമായി കോവിഡ് പ്രതിരോധത്തെ നാം കാണേണ്ടതുണ്ട്. ചെപ്പടി വിദ്യകള്‍ക്കൊണ്ടൊന്നും തടുക്കാന്‍ കഴിയുന്നതല്ല കോവിഡെന്ന് ഈ മഹാമാരി തെളിയിച്ചതാണ്.

Test User: