നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മുസ്‌ലീം ലീഗ് പ്രഖ്യാപിച്ച കലക്ട്രേറ്റ് മാര്‍ച്ചുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു. ഈ മാസം 27നായിരുന്നു
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ മുസ്‌ലീം ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ നടക്കേണ്ടിയിരുന്നത്.
കലക്ട്രേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം പാര്‍ട്ടീ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് നിര്‍ത്തി വെക്കേണ്ടതാണെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പി.എം.എ സലാം അറിയിച്ചു. പ്രാദേശിക ഘടകങ്ങള്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകാള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. യു.ഡി.എഫും ഘടകകക്ഷികളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാലാണ് പരിപാടികള്‍ മാറ്റിയതെന്ന് പി.എം.എ സലാം പറഞ്ഞു.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലും ഭരണകക്ഷിയായ സി.പി.എമ്മും ഘടകകക്ഷികളും സര്‍വ്വ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ആള്‍ക്കൂട്ട കോപ്രായങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് സലാം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മേല്‍ നിരന്തരം നിയന്ത്രണങ്ങളും നിബന്ധനകളും അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ സി.പി.എം സമ്മേളനങ്ങള്‍ക്കും മെഗാതിരുവാതിരകള്‍ക്കും അനുമതി നല്‍കുന്നത് വിചിത്രമാണെന്ന് പറഞ്ഞ സലാം പാര്‍ട്ടീ താല്‍പര്യങ്ങള്‍ക്കായി കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തെ ബലികൊടുക്കുന്ന സമീപനത്തില്‍ നിന്ന് സി.പി.എം പിന്തിരിയണമെന്ന് കുറ്റപ്പെടുത്തി.