ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നതിനിടെയും മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 893 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്.
ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോള്‍ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,34,281 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞത് ഇതിന് തെളിവാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
അതേ സമയം കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലെത്തിയിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം ഇനിയും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് വ്യാപനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു. കുറഞ്ഞ പരിശോധന നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.