ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ‘യഥാര്‍ത്ഥ’ കോവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ അവകാശവാദം. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാര്‍ത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഈ കണക്ക് പ്രകാരം ഇന്ത്യയിലും യഥാര്‍ത്ഥ മരണ നിരക്ക് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ കൂടുതലാണ്. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ 47 ലക്ഷം പേരാണ് ഇന്ത്യയില്‍ മാത്രം മരിച്ചത്. സര്‍ക്കാര്‍ കണക്കിനെക്കാള്‍ 9 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഡേറ്റകള്‍ പ്രകാരം ഈജിപ്തില്‍ ആണ് മരണസംഖ്യയിലെ വ്യതിയാനം ഏറ്റവും കൂടുതല്‍. രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടി മരണമാണ് ഈജിപ്തില്‍ ഡബ്ല്യു.എച്ച്.ഒ രേഖപ്പെടുത്തിയത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാര്‍ത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനക്കായി കണക്ക് തയ്യാറാക്കിയത്. ഗുരുതരമായ യാഥാര്‍ത്ഥ്യമാണ് കണക്കുകളില്‍ പ്രകടമാകുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്‌റോസ് അദാനോം വ്യക്തമാക്കി. ഈ മരണങ്ങളെല്ലാം തന്നെ അംഗീകരിക്കപ്പെടണമെന്നും മറ്റൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയ്യാറെടുക്കാന്‍ ഇത് സഹായിക്കുമെന്നും ടെഡ്‌റോസ് അദാനോം കൂട്ടിച്ചേര്‍ത്തു.