X
    Categories: Newsworld

തലപൊക്കി കോവിഡ്: ചൈന പ്രതിസന്ധിയിലേക്ക്

ബെയ്ജിങ്: ചൈനയില്‍ മൂന്നുകോടിയോളം ജനങ്ങളെ ലോക്ക്ഡൗണിലേക്ക് തള്ളി കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചാണ് ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. ചൊവ്വാഴ്ച 5280 പേരില്‍ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം കേസുകളാണ് ഇപ്പോഴുള്ളത്. 13 നഗരങ്ങളില്‍ പൂര്‍ണമായും മറ്റു നിരവധി നഗരങ്ങളില്‍ ഭാഗികമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്നത്് ചൈനയുടെ സീറോ കോവിഡ് യജ്ഞത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇന്നലെ ജിലിന്‍ നഗരത്തില്‍ 3000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില നഗരങ്ങളില്‍ ജനങ്ങളോട് വീടുകളില്‍ തങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് ഉത്ഭവിച്ച ആദ്യ കാലത്തെ സാഹചര്യത്തിലേക്കാണ് ചൈന ഇപ്പോള്‍ മടങ്ങുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചൈനീസ് ഓഹരി വിപണികള്‍ ഇടിഞ്ഞു. മഹാമാരി വ്യാപിച്ചു തുടങ്ങിയ നാളുകളില്‍ വുഹാനിലുണ്ടായിരുന്ന ഭീകരാന്തരീക്ഷത്തെ ഓര്‍മിപ്പിക്കുന്ന നിയന്ത്രണങ്ങളാണ് ചൈന കൊണ്ടുവരുന്നത്.

Test User: