X
    Categories: indiaNews

കോവിഡ്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം; ജാഗ്രത കൈവിടരുത്

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തില്‍ ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം.

ടെസ്റ്റ്, ട്രാക്ക്, ചികിത്സ, വാക്‌സിനേഷന്‍, കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങി പഞ്ചതല മാര്‍ഗങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കോവിഡ് വാക്‌സിനെടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ വകഭേദങ്ങള്‍ വരുമ്പോള്‍ അവ പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനം തയാറാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്തുന്നതിന് സാമ്പിളുകളുടെ പരിശോധന ഉറപ്പാക്കുകയും വാക്സിന്‍ വിതരണം ശക്തമാക്കുകയും ചെയ്യണം.

പുതിയ കേസുകള്‍ വര്‍ധിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് സംബന്ധിച്ച് നിരീക്ഷണം കാര്യക്ഷമമാക്കണം. രോഗവ്യാപനം തടയുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ചൈനയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ കോവിഡ്ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന, ദക്ഷിണകൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്.

ചൈനയില്‍ ചൊവ്വാഴ്ച പ്രതിദിനരോഗികള്‍ 5000 കടന്നു. ബുധനാഴ്ച 3290 പേര്‍കൂടി രോഗബാധിതരായി. ഒമിക്രോണിന്റെ ഉപവകഭേദമാണ് മുഖ്യമായി പടരുന്നത്.

Test User: