ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ട്. ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെയിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
ഒമിക്രോണ്‍ എക്‌സ്.ബി.ബി വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം എക്‌സ്.ബി.ബിയെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെയും ലക്ഷണങ്ങള്‍.
എറിസിന്റെ വ്യാപനത്തില്‍ ആശങ്ക അറിയിക്കുന്നുണ്ടെങ്കിലും മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈവര്‍ഷം ഫെബ്രുവരിയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇ.ജി.5 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5ജി.5.1. വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരുന്നുണ്ട്.
പുതിയ ഉപവകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. മുന്‍കാല വാക്‌സിനേഷനുകളില്‍ നിന്നും അണുബാധയില്‍ നിന്നുമുള്ള പ്രതിരോധശേഷി കുറഞ്ഞുവരുന്നതാവാം വീണ്ടും മറ്റുവകഭേദങ്ങള്‍ വ്യാപിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധരുടെ വാദം.
അമ്പത്തിയൊന്ന് രാജ്യങ്ങളിലാണ് നിലവില്‍ ഋഏ.5 പടരുന്നത്. ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍, യു.കെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപനം കൂടിയത്.
ഇന്ത്യയിലും കൊവിഡ് പിടിപെടുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. ജൂലായ് അവസാനം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 70 ആയിരുന്നെങ്കില്‍ ഓഗസ്റ്റ് 6ന് ഇത് 115 ലേക്ക് ഉയര്‍ന്നിരുന്നു. കൂടുതല്‍ രോഗികള്‍ മുംബൈയിലാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.