തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബി.പി.എല്‍ കുടുംബത്തിനുള്ള ധനസഹായം ഇതുവരെയും വിതരണം ചെയ്യാതെ സര്‍ക്കാര്‍. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍, 6 മാസം കഴിഞ്ഞിട്ടും എന്ന് മുതല്‍ സഹായം വിതരണം ചെയ്യുമെന്നതില്‍ ഒരു വ്യക്തതയുമില്ല. 5,000 രൂപ വെച്ച് എല്ലാ മാസവും മൂന്നു വര്‍ഷത്തേക്ക് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനമാണ് പാഴ്‌വാക്കായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോര്‍ബര്‍ 23 നാണ് മന്ത്രിസഭാ യോഗം ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കുടുംബനാഥന്‍ കോവിഡ് വന്നു മരിച്ചാല്‍ മാസം 5000 രൂപവെച്ച് മൂന്നു വര്‍ഷത്തേക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് 19,103 പേരാണ് സഹായത്തിന് അപേക്ഷിച്ചത്. ഇതില്‍ 5103 അപേക്ഷകളാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. 3592 അപേക്ഷകള്‍ തള്ളി. 2623 അപേക്ഷകള്‍ തര്‍ക്കങ്ങളിപ്പെട്ട് മാറ്റിവെച്ചു.
പാസാക്കിയ 5103 അപേക്ഷകള്‍ക്ക് തുക പാസാക്കിയിരുന്നെങ്കിലും ഇത് പിന്നീട് പിടിച്ചുവെച്ചു. മാറ്റിവെച്ച അപേക്ഷകളിലാണെങ്കില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇതില്‍ തീരുമാനം വന്നശേഷം സഹായ വിതരണം ആരംഭിക്കുമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഫലത്തില്‍ ആര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ല.
പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് സഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചിരുന്നു. ബി.പി.എല്‍ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നല്‍കാന്‍ ഒരു കുടുംബത്തിന് മൂന്നുവര്‍ഷത്തേക്ക് 1,80,000 രൂപ വേണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സഹായ വിതരണത്തിന് തടസമെന്നാണ് സൂചന. ഇത് നിഷേധിക്കുന്ന ധനവകുപ്പ്, ഫണ്ട് വിനിയോഗത്തിന് സമഗ്ര സംവിധാനമൊരുക്കുന്നത് അവസാനഘട്ടിലാണെന്നും ഉടനെ വിതരണം ചെയ്യുമെന്നും അവകാശപ്പെടുന്നു.