തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമ രവി പിള്ളക്ക് കൈമാറും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഭൂമി കൈമാറ്റം. സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു നീക്കം.
ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനക്കുവെച്ചപ്പോള്‍ 43.68 കോടി രൂപക്ക് ഗള്‍ഫാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പും സ്വന്തമാക്കി. എന്നാല്‍ 2004ല്‍ പൈതൃകസ്മാരകമായതിനാല്‍ ഇവ വീണ്ടും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പ്രത്യേക നിയമവും കൊണ്ടുവന്നു. ഇതോടെയാണ് കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് നല്‍കിയത്.
നേരത്തെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് വിഷയം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ഇന്നത്തെ യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നില്ല.
കൊട്ടാരത്തിന്റെ ഉടമസ്ഥതക്കുവേണ്ടി സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചത്. ഇതോടെയാണ് കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ആര്‍പി ഗ്രൂപ്പിന് സ്വന്തമായത്.
അതേസമയം, കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് നല്‍കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. സിവില്‍കേസിന്റെ സാധ്യത പരിശോധിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.