മാനന്തവാടി: കൊട്ടിയൂര്‍പീഡനം, ഒളിവില്‍ കഴിയുന്ന കന്യാസ്ത്രീകളെ അന്വേഷിച്ച് പൊലീസ് തമ്പടിക്കുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വികാരിയായിരുന്ന ഫാ.റോബിന്‍ വടക്കുംചേരി മുഖ്യപ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീകളെ കണ്ടെത്താനാണ് കേളകം പൊലീസ് വയനാട്ടില്‍ തമ്പടിച്ചിരിക്കുന്നത്. വനിതാ പൊലീസ് അടക്കമുള്ള സംഘമാണ് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.
വൈത്തിരി എച്ച് ഐ എം ദത്തുകേന്ദ്രത്തിലെ സിസ്റ്റര്‍ ഒഫീലിയ, മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ജിസ്മരിയ എന്നിവരെ കണ്ടെത്താനാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഈ രണ്ട് സ്ഥാപനങ്ങളിലും അന്വേഷണത്തിനായി പോയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. മറ്റ് കോണ്‍വെന്റുകളില്‍ സിസ്റ്റര്‍മാര്‍ ഒളിവില്‍ കഴിയുന്നുണ്ടോയെന്നും പൊലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമെ, സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം എവിടെയാണുള്ളതെന്ന് രൂപത അധികൃതര്‍ക്കും മറ്റും പറയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അതിനിടെ പ്രതികള്‍ക്കായി സഭയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തണ്ടെന്ന് ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയതായറിയുന്നു.