തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പു തന്നെ കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ ‘പരസ്യപ്പോര്’ ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതല്‍ ആറു വരെയാണ്. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്. ഈ സമയം നിയമ വിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്.
എല്ലാ വാഹനങ്ങളും പരിശോധിക്കും. പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും.