X

10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകന്‍; 12 വയസുകാരന്‍ മരിച്ചു

കോട്ടയം: മറിയപ്പള്ളിയില്‍ 12കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അണലക്കാട്ടില്ലത്തില്‍ ധനുഷിനെ (12)യാണ് വീടിന്റെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ധനുഷ് കുളിക്കുന്നതിനായി ബാത്ത്‌റൂമില്‍ കയറിയത്. പല്ലു തേച്ച ശേഷം കുളിയ്ക്കാനായി തോര്‍ത്തും കഴുത്തിലിട്ടാണ് കയറിയത്. അരമണിക്കൂറിനു ശേഷവും കുട്ടിയുടെ അനക്കമുണ്ടാകാതെ ഇരുന്നതോടെ അമ്മ ദിവ്യ ബാത്ത്‌റൂമില്‍ നോക്കുകയായിരുന്നു. കുട്ടി ചലനമില്ലാതെ ബാത്ത്‌റൂമില്‍ നില്‍ക്കുന്നതാണ് അമ്മ കണ്ടത്.

അമ്മ ബാത്ത്‌റൂമിന്റെ വാതില്‍ തുറന്ന് അതിവേഗം ഉള്ളില്‍ കയറി. ഇതോടെയാണ് കുട്ടി തറയിലേയ്ക്കു വീണത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു കൂട്ടി കുട്ടിയെ പുറത്ത് എത്തിച്ചു. തുടര്‍ന്നു ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും.

അണലക്കാട്ടില്ലത്ത് എ വി ദാമോദരന്‍ നമ്പൂതിരിക്കും ദിവ്യയ്ക്കും 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകനാണ് ധനുഷ്. ബെല്‍മൗണ്ട് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു.

chandrika: