കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.
അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.